പൊലീസ്​ ഇടപെട്ടിട്ടും വ്യാപാരികളുടെ​ കൊള്ള

തൃപ്പൂണിത്തുറ: പ്രളയദുരന്തത്തിൽ നാട് ഒന്നടങ്കം വിറങ്ങലിച്ച് നിൽക്കുമ്പോൾ വില കൂട്ടി വിറ്റ് കച്ചവടക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പ്രതിഷേധം വ്യാപകം. തൃപ്പൂണിത്തുറ-വൈക്കം റോഡിൽ ഉദയംപേരൂർ ഐ.ഒ.സി കവലക്ക് സമീപത്തെ കടയിലാണ് കഴിഞ്ഞദിവസം പച്ചക്കറി സാധനങ്ങളും പലവ്യഞ്ജനങ്ങളുമൊക്കെ വില കൂട്ടി വിറ്റത്. ഇതുസംബന്ധിച്ച് പരാതി ഉയർന്നതോടെ പൊലീസ് ഇടപെട്ട് പരിശോധന നടത്തുകയും കടയുടമയെ താക്കീത് ചെയ്യുകയും ചെയ്തു. കടയിലെ ജീവനക്കാരാണ് വില കൂട്ടി വിൽപന നടത്തിയതെന്ന വിചിത്ര മറുപടിയാണ് കടയുടമ പൊലീസിന് നൽകിയതത്രെ. തക്കാളി ഒരു കിലോ 200 രൂപക്കും ബീൻസ് 160നും ബീറ്റ്റൂട്ട് 147നും ചെറുനാരങ്ങ 100, സവാള 55, മുളക് 240, ഇഞ്ചി 200 രൂപ എന്നിങ്ങനെയായിരുന്നു വിൽപന നടത്തിയത്. പലവ്യഞ്ജനങ്ങൾക്കും വില കൂട്ടി. തൃപ്പൂണിത്തുറ ടൗണിലും കഴിഞ്ഞ ദിവസങ്ങളിൽ ചില കച്ചവടക്കാർ പച്ചക്കറി സാധനങ്ങൾ വില കൂട്ടി വിറ്റതിനെത്തുടർന്ന് ജനങ്ങൾ പ്രതിഷേ ധിക്കുകയും പൊലീസ് ഇടപെട്ട് താക്കീത് നൽകുകയും ചെയ്തിരുന്നു. ടൗണിൽ കച്ചവടം നടത്തുന്ന ഇവരിൽ ചിലർ കടയിൽനിന്ന് പച്ചക്കറി സാധനങ്ങൾ വാരിക്കൂട്ടി സ്റ്റാച്യു ജങ്ഷനിലടക്കം പലയിടങ്ങളിലും റോഡരികിലിട്ടാണ് അമിതവിലയ്ക്ക് വിറ്റഴിച്ചത്. തക്കാളി കിലോക്ക് 200 രൂപയായിരുന്നു ഇവിടെയും വില. തിങ്കളാഴ്ച തൃപ്പൂണിത്തുറയിൽ കൂടുതൽ പച്ചക്കറി ലോഡ് എത്തിയിട്ടുണ്ട്. ചിലരെല്ലാം വിലവിവരം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ ദിവസവും അത് കൃത്യമായി ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.