ആലുവയിലെ വൺവേ സംവിധാനം ഇളവുകളോടെ തുടരും

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ആലുവ: നഗരത്തിെല വൺവേ സംവിധാനം തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയെ എതിർത്തും അനുകൂലിച്ചും സംഘടനകളും സ്ഥാപനങ്ങളും രംഗത്തെത്തിയിരുന്നു. ഇരുകൂട്ടരും ഭേദഗതികളും ഇളവുകളും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചർച്ച ചെയ്യാനും പദ്ധതി അവലോകനം ചെയ്യാനുമാണ് വ്യാഴാഴ്ച റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത്. വൺവേ സംവിധാനത്തിനെതിരെ കടകളടച്ച് ഹര്‍ത്താല്‍ നടത്തിയ വ്യാപാരികളുടെ ആവശ്യങ്ങളും യോഗം പരിഗണിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് റൗണ്ടില്‍നിന്ന് ഇളവ് അനുവദിക്കാൻ യോഗം ശിപാര്‍ശ ചെയ്തു. റൗണ്ടിലെ ചില ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നേരേത്ത ഇളവ് അനുവദിച്ചിരുന്നു. ഇരുചക്രവാഹനങ്ങളുടെ ഇളവ് റൂറല്‍ എസ്.പി. അംഗീകരിച്ച് കലക്ടറുടെ അനുമതിയോടെയാണ് നടപ്പാക്കുക. എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചാരിക്കാനുള്ള മാര്‍ഗം പ്രത്യേകം അടയാളപ്പെടുത്തും. നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായതിെനാപ്പം പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് വൺവേ സംവിധാനം തുടരാൻ യോഗം തീരുമാനിച്ചത്. ആലുവ ബൈപാസ് അടിപ്പാതകളിൽനിന്ന് ഓള്‍ഡ് മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് ഈ ഭാഗത്ത് വണ്‍വേ ആരംഭിച്ചതാണെന്നും ഇത് പിന്‍വലിക്കാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചു. പാലസിൽ നടന്ന യോഗത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയായ നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, സി.ഐ വിശാല്‍ ജോണ്‍സണ്‍, ജോയൻറ് ആര്‍.ടി.ഒ സി.എസ്. അയ്യപ്പന്‍, പൊതുമരാമത്ത് എ.ഇ സജയ്‌ഘോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങള്‍ 1. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റൂട്ടില്‍ കീഴ്മാട് ഭാഗത്തുനിന്ന് വരുന്ന ഓട്ടോകളും ഇരുചക്രവാഹനങ്ങളും മാത-മാധുര്യ തിയറ്ററിന് മുന്നിലൂടെ നഗരത്തില്‍ പ്രവേശിക്കുക. 2. കാരോത്തുകുഴി ആശുപത്രിക്ക് സമീപം റോഡിന് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും. 3. മാത-മാധുര്യ ജങ്ഷന്‍ വീതി കൂട്ടാന്‍ സര്‍ക്കാര്‍ ക്വാർട്ടേഴ്‌സ് ഭൂമി ഏറ്റെടുക്കാന്‍ ശിപാര്‍ശ ചെയ്യും. 4. വാഹനവേഗം നിയന്ത്രിക്കാൻ ലൈറ്റുകള്‍ സ്‌ഥാപിക്കും. 5. ലൈന്‍ ട്രാഫിക് സമ്പ്രദായം നടപ്പാക്കുക. 6. കാമറകള്‍ സ്‌ഥാപിക്കുക. 7. ആലുവ മേല്‍പാലത്തിന് താഴെയുള്ള ഭാഗത്ത് മെട്രോ സൗന്ദര്യവത്കരണ പ്രവർത്തനം പൂർത്തിയായാൽ ഇതിലൂടെ സഞ്ചാരം അനുവദിക്കുക. 8. സ്‌കൂളുകള്‍ക്ക് മുന്നില്‍ പൊലീസിനെ നിയമിക്കുക. 9. ബോണറ്റ് നമ്പര്‍ നല്‍കുന്നതിന് പൊലീസ് നഗരത്തിലെ ഓട്ടോകളുടെ എണ്ണമെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.