തൃക്കാക്കരയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ പ്രമേയത്തിന് നീക്കം

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനെതിരെ കൗണ്‍സിലില്‍ പ്രമേയത്തിന് നീക്കം. സി.പി.എം വിമത കൗണ്‍സിലര്‍ എം.എം. നാസറാണ് പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, എൽ.ഡി.എഫ് പ്രമേയത്തെ എതിർക്കുന്ന നിലപാട് സ്വീകരിച്ചില്ലെന്ന ആക്ഷേപവുണ്ട്. കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷനില്‍ മന്ത്രി കെ.ടി. ജലീലി​െൻറ അധ്യക്ഷതയില്‍ കൂടിയ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ അവലോകന യോഗത്തിൽ തൃക്കാക്കര നഗരസഭക്കെതിരെ രൂക്ഷ പരാമർശം ടി.കെ. ജോസ് നടത്തിയിരുന്നു. ഹോട്ടൽ മുറിയെടുത്ത് ബില്ലുകളും വൗച്ചറുകളും തയാറാക്കി എന്നത് അടക്കം ആേക്ഷപമാണ് ഉന്നയിച്ചത്. വിവാദ പരാമര്‍ശത്തിനെതിരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിളിച്ച് പ്രതിഷേധവും അറിയിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച കൂടിയ നഗരസഭ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചത്. എന്നാല്‍, പ്രതിപക്ഷ നേതാവ് പി.എം. സലീമി​െൻറ നേതൃത്വത്തിലുണ്ടായ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാതെ പിന്മാറുകയായിരുന്നു. സാമ്പത്തിക വര്‍ഷം എട്ടു മാസം പിന്നിട്ടിട്ടും പദ്ധതി നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും 16 ശതമാനം മാത്രം എത്തിനില്‍ക്കുന്ന തൃക്കാക്കര നഗരസഭാധികൃതരെ മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കടുത്ത ഭാഷയില്‍ ശാസിച്ച സാഹചര്യത്തില്‍ ഭരണം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ പ്രമേയം പാസാക്കി പ്രതിഷേധിക്കുന്നത് ഭൂഷണമാകില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.