ഇനിയും സംരക്ഷിക്കാതെ, തുമ്പിച്ചാൽ ജലസംഭരണി

ആലുവ: ജലസ്രോതസ്സുകളും, തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകത ബോധ്യമായിട്ടും കീഴ്മാട്‌ പഞ്ചായത്തിലെ ജലസംഭരണിയായ തുമ്പിച്ചാലിന് അവഗണന തന്നെ. പത്ത് ഏക്കറോളം വരുന്ന തുമ്പിച്ചാൽ കാടുപിടിച്ച് നാശത്തി​െൻറ വക്കിലാണ്. ഇഴജന്തുക്കളുടെ സ്വൈരവിഹാര കേന്ദ്രവുമായി മാറി. ഇതോടെ ആരും വരാതായി. സമീപ പാടശേഖരത്തിലെ ജലലഭ്യതക്ക് വേണ്ടി നിലനിന്നിരുന്ന ജലസംഭരണിയാണ് തുമ്പിച്ചാൽ. ഇത് സംരക്ഷിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് 1968ൽ ഈ ജലസംഭരണി കുറെ ആളുകൾ കൈയേറി ഉടമാവകാശം സ്‌ഥാപിക്കാൻ ശ്രമിച്ചിരുന്നു. ഭൂവുടമകൾ ചെറുത്തതോടെ സംഘർഷവും സമരവുമായി. ഒടുവിൽ തുമ്പിച്ചാൽ കീഴ്മാട് പഞ്ചായത്തി‍​െൻറ ജലസംഭരണിയാണെന്നും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും പെരുമ്പാവൂർ കോടതി ഉത്തരവിട്ടു. എന്നാൽ, മാറിമാറി വന്ന പഞ്ചായത്ത് ഭരണാധികാരികൾ ജലസംഭരണി സംരക്ഷിക്കുന്നതിൽ താൽപര്യമെടുത്തില്ല. പഞ്ചായത്തിലെ ചെറുകേലിനട, ബലിപറമ്പ്, മനക്കകാട്, അമ്പലപറമ്പ്, ഡോൺ ബോസ്കോ, സൗത്ത് ചാലക്കൽ തുടങ്ങിയ പ്രദേശങ്ങിലെ കിണറുകൾ കനത്ത വേനലിലും ഉറവ വറ്റാതെ സംരക്ഷിക്കുന്നത് തുമ്പിച്ചാലാണ്. 2003ൽ തുമ്പിച്ചാൽ സംരക്ഷണ കർമസമിതി രൂപവത്കരിച്ച് നവീകരണത്തിന് തുടക്കമിട്ടെങ്കിലും പിന്നീട് നിലച്ചു. 2009ൽ മത്സ്യകൃഷിക്ക് 15 ലക്ഷം മുടക്കി ചെളി ഉപയോഗിച്ച് ബണ്ട് പിടിപ്പിച്ചു. എന്നാൽ, ഇതും ഇടക്ക് വെച്ച് ഉപേക്ഷിച്ചു. നാലാംമൈൽ വ്യവസായ മേഖലയിൽനിന്നും രാസമാലിന്യമടങ്ങിയ വെള്ളം തുമ്പിച്ചാലിലേക്ക് ഒഴുകിയെത്തുകയാണ്. അതിനാൽ വെള്ളം മലിനമാണ്. മാലിന്യം ഒഴുക്കുന്നത് തടയണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവുമുണ്ട്. തുമ്പിച്ചാലിൽ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ നവീകരിച്ച് ജലസംഭരണിയായി നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാർക്കിനും പ്രഭാതസവാരിക്കും യോജിച്ച സ്‌ഥലവുമാണിത്. ഇതിന് ത്രിതല പഞ്ചായത്തുകളുടെ ഇടപെടൽ ഉണ്ടാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.