വിശന്ന വയറുകൾക്ക് ആലപ്പുഴ അന്നമേകും; 'വിശപ്പുരഹിത കേരളം' പുതുവർഷ ദിനത്തിൽ

ആലപ്പുഴ: പുതുവർഷപ്പുലരി മുതൽ വിശന്ന വയറുമായി ആർക്കും ആലപ്പുഴയിൽ അലയേണ്ടിവരില്ല. അശരണർക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്നതിന് സർക്കാർ ആവിഷ്കരിച്ച 'വിശപ്പുരഹിത കേരളം' പദ്ധതി ആലപ്പുഴ നഗരത്തിൽ ജനുവരി ഒന്നിന് തുടക്കമാകുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ കൂടിയ വിവിധ സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആലോചനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അശരണർക്ക് ഒരുനേരത്തെ ഭക്ഷണം എല്ലാ ദിവസവും സൗജന്യമായി നൽകുകയും പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്നത്. ഇതി​െൻറ ഭാഗമായി ജില്ലയിൽ ആലപ്പുഴ നഗരത്തിലാണ് പദ്ധതിക്ക് തുടക്കംകുറിക്കുക. സന്നദ്ധസംഘടനകൾ, സർക്കാറിതര സംഘടനകൾ, യുവജന സംഘടനകൾ, കുടുംബശ്രീ അടക്കം എല്ലാവരുടെയും സഹകരണത്തോടെയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നടത്തിപ്പിന് കലക്ടർ ടി.വി. അനുപമ ചെയർമാനായും ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദ് കൺവീനറുമായ സമിതി രൂപവത്കരിച്ചു. രണ്ട് ജില്ലക്ക് സർക്കാർ 70 ലക്ഷം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഭക്ഷണം പാകം ചെയ്യാനും നൽകാനുമായി സ്ഥിരം കേന്ദ്രം ആരംഭിക്കും. ഇതിന് കലക്ടറെ ചുമതലപ്പെടുത്തി. കൂപ്പണോ മറ്റുസംവിധാനമോ ഉപയോഗിച്ച് ഈ കേന്ദ്രത്തിലൂടെ മികച്ച ഭക്ഷണം ലഭ്യമാക്കും. പാവപ്പെട്ടവർക്ക് 20 രൂപക്ക് ഉൗണും 10 രൂപക്ക് പ്രഭാതഭക്ഷണവും ലഭ്യമാക്കുകകൂടിയാണ് ലക്ഷ്യം. വരുമാനമില്ലാതെ നിരാശ്രയരായി കഴിയുന്നവർക്കും രോഗികൾക്കും ഭക്ഷണം നൽകും. സന്നദ്ധസംഘടനകളുടെ സഹായത്തോടെ വിതരണകേന്ദ്രങ്ങളിൽനിന്ന് ഭക്ഷണം പാവപ്പെട്ട കിടപ്പുരോഗികൾക്കും അവശർക്കും വീടുകളിൽ എത്തിച്ചുനൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ, മിൽമ, ഹോർട്ടികോർപ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ സഹകരണം പദ്ധതിക്ക് ലഭിക്കും. യോഗത്തിൽ വിവിധ സംഘടനകൾ പദ്ധതിക്ക് പിന്തുണ അറിയിച്ചു. കലക്ടർ ടി.വി. അനുപമ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. നരസിംഹുഗരി, ടി.എൽ. റെഡ്ഡി, സബ് കലക്ടർ വി.ആർ.കെ. തേജ മൈലാവരപ്പു, ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദ്, ജില്ല സാമൂഹികനീതി ഓഫിസർ അനീറ്റ എസ്. ലിൻ, ഫാ. സേവ്യർ കുടിയാംശേരിൽ, ഫാ. ജോസ് കൂലിപ്പുരക്കൽ, എം. ഹസൻ, ജോസി കുര്യൻ, ലീല വാസവൻ, തെരുവോരം മുരുകൻ, പേൾ, േഗ്രസ് മൈക്കിൾ, ഹരീന്ദ്രനാഥ്, പി.ജെ. മാത്യു, സചിൻ സതീഷ്, പി.കെ. കൃഷ്ണകുമാർ, ജെ.എം. ഉമ്മൻ, ഡോ. ജി. ബാലചന്ദ്രൻ, ഹനീസ് ഇസ്മായിൽ, േപ്രംസായി, ടി.ആർ. റോയി, എം. ഗീത, ഡോ. എം.വി. എലിസബത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.