ബാഗേജിൽ കവർച്ച; കൊച്ചിയിലല്ലെന്ന്​ ദൃശ്യങ്ങൾ

നെടുമ്പാശ്ശേരി: ഖത്തറിൽനിന്നെത്തിയ ദമ്പതിമാരുടെ ബാഗുകളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നല്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ. പരാതിക്കാരുടെയും പൊലീസി​െൻറയും സാന്നിധ്യത്തിൽ സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ബുധനാഴ്ച പുലർച്ച അമേരിക്കയിൽനിന്ന് ഖത്തർ വഴി കൊച്ചിയിലെത്തിയ ചാക്കോ കുര്യ​െൻറയും ഭാര്യ ഏലിക്കുട്ടിയുടെയും നാലു ബാഗുകൾ തുറന്നു കൊള്ളയടിച്ചെന്നാണു പരാതി. മൂന്നു സെൽഫോൺ, മൂന്നു കുപ്പി മദ്യം, ഹാൻഡ് ബാഗുകൾ എന്നിവയുൾപ്പെടെ മൊത്തം 3,437 ഡോളറി​െൻറ മൂല്യമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഓർലാൻഡോ, ഫ്ലോറിഡ, ന്യൂയോർക്ക്, ദോഹ എന്നിവിടങ്ങളിൽനിന്ന് വിമാനങ്ങൾ മാറിക്കയറിയാണ് ദമ്പതിമാർ കൊച്ചിയിലെത്തിയത്. വീട്ടിലെത്തിയശേഷമാണ് കൊള്ളയടിക്കപ്പെട്ടതായി മനസ്സിലായത്. അമേരിക്കൻ വ്യോമയാന സുരക്ഷ ഏജൻസിയുടെ നിർദേശമനുസരിച്ച് പ്രത്യേകമായി രൂപകൽപന ചെയ്ത പൂട്ട് വേണം ബാഗേജുകളിൽ ഉപയോഗിക്കാൻ. ഇത് ലഭ്യമെല്ലങ്കിൽ ബാഗുകൾ പൂട്ടാൻ പാടില്ലെന്നാണ് നിയമം. അതുകൊണ്ടുതന്നെ മേൽപറഞ്ഞ ഏതു വിമാനത്താവളത്തിൽ വെച്ചും സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്ന് അധികൃതർ പറയുന്നു. പുലർച്ച 2.20 നാണ് ദോഹയിൽനിന്നുള്ള ഖത്തർ എയർവേസ് വിമാനം കൊച്ചിയിലെത്തിയത്. 40 മിനിറ്റ് കൊണ്ട് അവസാനത്തെ ബാഗും കൺവെയർ ബെൽറ്റിൽനിന്ന് മാറിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലായ ടി-3യിൽ വിമാനത്തിൽനിന്ന് ബാഗ് പുറത്തിറക്കുന്നത് മുതൽ കൺവേയർ ബെൽറ്റിൽ എത്തുന്നതുവരെയുള്ള ബാഗേജ് ഹാൻഡ്ലിങ് സംവിധാനം മുഴുവൻ അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ബാഗുകൾ നീങ്ങുന്ന ഭാഗത്ത് മാത്രം അമ്പതിലധികം കാമറയുണ്ട്. സ​െൻറിമീറ്റർ വലുപ്പത്തിലുള്ള സാധനങ്ങൾ വരെ വലുതാക്കി കാണിക്കാൻ ശേഷിയുള്ളതാണ് ഇവ. സിയാൽ ചീഫ് സെക്യൂരിറ്റി ഓഫിസർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സുരക്ഷ സംഘവും നെടുമ്പാശ്ശേരി സബ് ഇൻസ്പെക്ടർ ഹാറൂണി​െൻറ നേതൃത്വത്തിൽ പൊലീസും പരാതിക്കാരുടെ സാന്നിധ്യത്തിൽ വിശദപരിശോധന നടത്തി. നാലു ബാഗി​െൻറയും ഇഞ്ചോടിഞ്ച് നീക്കത്തി​െൻറ ദൃശ്യങ്ങളിൽ വിമാനത്താവളത്തിലെ വിവിധ ഏജൻസികളിൽ ജോലി ചെയ്യുന്ന ഒരാൾ പോലും അവ തുറക്കാനോ അനധികൃതമായ ഏതെങ്കിലും കൃത്യം നടത്താനോ ശ്രമിച്ചതായി കാണുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.