ഒഴിവാക്കപ്പെട്ടവരിൽ 1829 പേർ 'ലൈഫ്' പട്ടികയിലേക്ക്

കൊച്ചി: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി (ലൈഫ്)യിൽനിന്ന് ഒഴിവാക്കപ്പെട്ട 1829 പേർ കൂടി പട്ടികയിൽ ഇടം നേടി. വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ച് ആദ്യം 48,624 പേരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ പുറത്തായ 6095 പേർ അപ്പീൽ അപേക്ഷ നൽകിയിരുന്നു. ഇവരിൽനിന്നാണ് 1829 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അപ്പീലുകൾ തീർപ്പാക്കാൻ കലക്ടർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാവർക്കും വാസസ്ഥലം എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ലൈഫ്. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ ജോയൻറ് ഡയറക്ടർ എന്നിവർ പരിശോധന നടത്തിയാണ് ശിപാർശ ചെയ്ത അപ്പീൽ അപേക്ഷകളിൽ തീർപ്പാക്കിയത്. ഗ്രാമപഞ്ചായത്തുകളിൽനിന്ന് 5010 അപേക്ഷകളാണ് ലഭിച്ചിരുന്നത്. അതിൽ 1232 എണ്ണം അംഗീകരിക്കുകയും 3,778 എണ്ണം നിരസിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റികളിൽനിന്ന് ലഭിച്ച 395 അപേക്ഷകളിൽ 156 എണ്ണം അംഗീകരിച്ച് 239 എണ്ണം തള്ളി. കോർപറേഷൻ തലത്തിൽനിന്ന് 690 അപ്പീൽ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 441 എണ്ണം അംഗീകരിക്കുകയും 249 എണ്ണം നിരാകരിക്കുകയും ചെയ്തു. ഇങ്ങനെ ആകെയുള്ള 6095 അപ്പീലിൽനിന്നും 1829 എണ്ണം സ്വീകരിച്ച് 4266 അപേക്ഷകൾ തള്ളി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിശോധനക്ക് ശേഷം ഗ്രാമസഭകൾ ചേർന്നായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇവരെ ആദ്യ ഘട്ട അപേക്ഷകരുടെ കൂടെ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. ലൈഫ് പദ്ധതിക്കായി ജില്ലയിൽ കൂത്താട്ടുകുളം നഗരസഭയും അയ്യമ്പുഴ പഞ്ചായത്തും നിലവിൽ സ്ഥലം വിട്ട് നൽകി കഴിഞ്ഞു. ഒരേക്കർ സ്ഥലം കൂത്താട്ടുകുളത്ത് നിന്നും ഒന്നര ഏക്കർ അയ്യമ്പുഴയിൽ നിന്നും ലഭ്യമാക്കും. സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ലക്ഷ്യം. സ്വന്തമായി ഭൂമിയുള്ള വീടില്ലാത്തവർക്ക് ഭവനവും, വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ലാറ്റും നൽകുന്നതാണ് പദ്ധതി. ഭൂമിയുള്ള ഭവനരഹിതർ, ഭവനനിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർ അല്ലെങ്കിൽ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ, പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താൽക്കാലിക ഭവനം ഉള്ളവർ, ഭൂരഹിതഭവനരഹിതർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ ഏറ്റവും കുറഞ്ഞ തറ വിസ്തീർണം 400 ചതുരശ്ര അടിയും കൂടിയത് 600 ചതുരശ്ര അടിയും ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.