കുടുംബ ശൈഥില്യം വർധിക്കുന്നത്​ ആശങ്കജനകം ^വനിത കമീഷൻ

കുടുംബ ശൈഥില്യം വർധിക്കുന്നത് ആശങ്കജനകം -വനിത കമീഷൻ കൊച്ചി: കുടുംബ ബന്ധങ്ങളുടെ ശൈഥില്യം വർധിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസ, രാഷ്്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടും സ്വത്തുതർക്കവും സ്ത്രീധന പീഡനവും ഉൾപ്പെടെ പരാതികൾക്ക് കുറവില്ല. പ്രശ്നങ്ങളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാത്തതും പലപ്പോഴും പുതുതലമുറക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ അവരെ ബോധവാന്മാരാക്കാൻ കോളജുകൾ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരിൽ ബോധവത്കരണ പരിപാടി ഉടൻ ആരംഭിക്കും. വിദ്യാർഥിനികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും പരിഹാരം തേടുകയുമാണ് ലക്ഷ്യം. ഗാർഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. പ്രായമായ മാതാപിതാക്കളെ മക്കൾ നോക്കുന്നില്ലെന്ന പരാതിയും വർധിക്കുന്നുണ്ട്. പരാതികളിൽ എതിർകക്ഷികൾ ഹാജരാകാതിരിക്കുന്ന പ്രവണതയുമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. രണ്ട് യുവതികളുടെ പരാതിയിൽ നാലാം തവണയും ഹാജരാകാതിരുന്ന കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഗുരുതര വീഴ്ചയാണ് വരുത്തിയത്. ഇക്കാര്യം ലേബർ കമീഷണറെയും തൊഴിൽ മന്ത്രിയെയും അറിയിക്കുമെന്നും ജോസഫൈൻ പറഞ്ഞു. ആകെ 102 പരാതികളാണ് പരിഗണിച്ചത്. 94 എണ്ണം തീർപ്പാക്കി. 17 പരാതിയിൽ പൊലീസ് റിപ്പോർട്ടും നാലെണ്ണത്തിൽ ആർ.ഡി.ഒയുടെ റിപ്പോർട്ടും തേടി. ഒരു പരാതി കമീഷ​െൻറ മുഴുവനംഗ സിറ്റിങ്ങിൽ പരിഗണിക്കും. അഞ്ച് പരാതികൾ കൗൺസലിങ്ങിന് നിർദേശിച്ചപ്പോൾ 26 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, ഇ.എം. രാധ, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ സ്മിത ഗോപി, കദീജ റിഷബത്ത്, ആനി പോൾ, വനിത സെല്‍ എസ്.ഐ ബെന്‍സി മാത്യു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.