നോട്ട്​ നിരോധനം; ടൂറിസം മേഖലയും പരുങ്ങലിൽ

ആലപ്പുഴ: നോട്ട് നിരോധനം ഏർപ്പെടുത്തി ഒരു വർഷം കഴിഞ്ഞിട്ടും പ്രതിസന്ധികൾ ഇന്നും ജില്ലയിലെ ടൂറിസം മേഖലയെ വേട്ടയാടുന്നു. ടൂറിസത്തി​െൻറ നട്ടെല്ലായ ഹൗസ് ബോട്ട് മേഖലയുടെ സാമ്പത്തികനില പാടെ തകർത്തു. ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ 80 ശതമാനത്തി​െൻറ ഇടിവാണുണ്ടായത്. വിനോദ സഞ്ചാരികൾ വന്നുപോകുന്നുണ്ടെങ്കിലും മുമ്പത്തെപ്പോലെ കായൽ ടൂറിസം ആസ്വദിക്കാൻ സമയം ചെലവിടാറില്ല. പലപ്പോഴും ഓൺലൈൻ ബുക്കിങ്ങുകളും റദ്ദാക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. പ്രധാനമായും അമേരിക്ക, ഫ്രാൻസ്, ജർമനി, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആലപ്പുഴയിൽ ടൂറിസം സീസണുകളിൽ എത്താറുള്ളത്. എന്നാൽ, നോട്ട് നിരോധനത്തിനുശേഷം വിദേശികൾ കാര്യമായി എത്തുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ മാത്രമാണ് ഇപ്പോൾ ആലപ്പുഴയിൽ എത്തുന്നത്. നോട്ട് പ്രതിസന്ധികളിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ അഞ്ച് ശതമാനം പേർ ഈ രംഗം വിട്ടു. ബാങ്ക് വായ്പയെടുത്ത് ഹൗസ് ബോട്ട് ഇറക്കിയവർ പലരും കടക്കെണിയിലായി. ഹൗസ്ബോട്ടിലെ സവാരി തീരുമ്പോള്‍ ജീവനക്കാര്‍ക്ക് സഞ്ചാരികളുടെ വക 'ഉപഹാരം' പതിവായിരുന്നു. മൂന്ന് ജീവനക്കാരുള്ള ബോട്ടില്‍ കുറഞ്ഞത് 300 രൂപയെങ്കിലും കിട്ടും. നോട്ട് നിരോധനം വന്നതോടെ 'ടിപ്പ്' ഇല്ലാതായി. ഹോട്ടലുകളുടെയും ഹോം സ്റ്റേകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഹോട്ടലുകൾക്കും ഓൺലൈൻ ബുക്കിങ്ങുകളും 20 ശതമാനം മാത്രമാണ്. ചരക്ക് സേവന നികുതിയും കൂടി വന്നതോടെ ഈ മേഖലയുടെ നില കൂടുതൽ പരുങ്ങലിലുമായി. വൻ ലാഭം പ്രതീക്ഷിച്ച് പണിത വലിയ ഹോം സ്റ്റേ സൗധങ്ങൾ ഇപ്പോൾ വെറുതെ കിടക്കുകയാണ്. വൻകിട ഹോട്ടലുകളിൽ മാത്രമാണ് നില അൽപ്പമെങ്കിലും മെച്ചപ്പെട്ടിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.