സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ക്രമക്കേട്​; നിക്ഷേപം ആവശ്യപ്പെട്ട്​ ജനം തടിച്ചുകൂടി

കോതമംഗലം: സ്വകാര്യ പണമിടപാട് സ്ഥാപനത്തി​െൻറ കോതമംഗലം ശാഖയിൽ വൻ ക്രമക്കേട്. ബ്രാഞ്ച് മാനേജർ ഒളിവിൽ. ജീവനക്കാരനെ റിമാൻഡ് ചെയ്തു. കോതമംഗലം പി.ഒ ജങ്ഷനിലെ എൻ.എഫ്.സി ഫിനാൻസിലാണ് ഒന്നരക്കോടിയോളം രൂപയുടെ തിരിമറി കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് നിക്ഷേപകർ സ്ഥാപനത്തിനുമുന്നിൽ എത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. പണയ ഉരുപ്പടി വാങ്ങിയും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി ബ്രാഞ്ച് മാനേജർ പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ശ്രീഹരി ഒളിവിലാണ്. രണ്ടാം പ്രതി കോതമംഗലം സ്വദേശി ജോയലിനെ റിമാൻഡ് ചെയ്തു. നഗരമധ്യത്തിലെ ലാവണ്യ ഷോപ് ഉടമ ബെന്നി വർഗീസ് നിക്ഷേപമായി നൽകിയ എട്ട് ലക്ഷം രൂപയോളം ജോയലും ശ്രീഹരിയും ചേർന്ന് സ്ഥാപനത്തി​െൻറ കണക്കിൽ ഉൾപ്പെടുത്താതെ തിരിമറി നടത്തിയതായി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്. അറസ്റ്റ് നടന്നതോടെയാണ് നിക്ഷേപകർ ബ്രാഞ്ച് ഓഫിസിലേക്ക്‌ എത്തിയത്. ഇതോടെയാണ് നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. വ്യക്തിയുടെ പരാതിക്ക് പുറമെ 1517 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി പണമിടപാട് സ്ഥാപന അധികൃതർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. പൊലീസ് മടങ്ങിയശേഷം എത്തിയ ഇടപാടുകാർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടതോടെ നൂറുകണക്കിന് ആളുകളാണ് ബാങ്കി​െൻറ പരിസരത്ത് തടിച്ചുകൂടിയത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസെത്തി രംഗം ശാന്തമാക്കി. സംസ്ഥാനത്ത് മുപ്പതിലധികം ശാഖകൾ പ്രവർത്തിക്കുന്ന എൻ.എഫ്.സിയുടെ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.