സ്​റ്റേഡിയത്തിലെ കടമുറികൾ: താക്കോൽ രണ്ടുദിവസത്തിനകം നൽകണമെന്ന്​ ഹൈകോടതി

കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനുവേണ്ടി കലൂർ സ്റ്റേഡിയത്തിലെ കടമുറികൾ താൽക്കാലികമായി ഒഴിഞ്ഞവരിൽ താക്കോൽ മടക്കി നൽകാത്ത ഹരജിക്കാർക്ക് രണ്ടുദിവസത്തിനകം ഇത് കൈമാറിയില്ലെങ്കിൽ ജില്ല കലക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈകോടതി. സുരക്ഷ കാരണങ്ങളുടെ പേരിൽ കടമുറികൾ ഒഴിപ്പിച്ചതിനെതിരെ കോടതിയെ സമീപിച്ച ഏഴ് പേർക്ക് ഇനിയും കടകൾ തിരികെക്കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി കടമുറി വാടകക്കെടുത്തിരുന്ന ട്രീസാ ആൻറണി നൽകിയ ഹരജിയിലാണ് ഉത്തരവ്. അണ്ടർ 17 ലോകകപ്പ് മത്സരം നടക്കുന്നതിനാൽ സുരക്ഷയുടെ പേരിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടകൾ ഒഴിയാൻ ജില്ല ഭരണകൂടം നിർദേശിച്ചിരുന്നു. ഇതിനെതിരെ 44 കച്ചവടക്കാർ ഹരജി നൽകിയിരുന്നു. ഇവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ച കോടതി മത്സരങ്ങൾക്കുശേഷം കടമുറികളുടെ താക്കോൽ തിരികെ നൽകാൻ കലക്ടർക്ക് നിർദേശവും നൽകി. എന്നാൽ, മത്സരശേഷം താക്കോൽ ലഭിച്ചില്ലെന്നാണ് ഹരജിക്കാരിയുടെ പരാതി. താക്കോൽ ജി.സി.ഡി.എക്ക് കൈമാറിയെന്ന കലക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. സ്റ്റേഡിയത്തിലെ 44 കച്ചവടക്കാരിൽ 37 പേർക്ക് താക്കോൽ നൽകിയതായി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ശേഷിക്കുന്നവർക്ക് രണ്ട് ദിവസത്തിനകം താക്കോൽ നൽകാൻ കോടതി നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.