ആവാസ് പദ്ധതിക്ക് തുടക്കം; ഇതരസംസ്ഥാന തൊഴിലാളികൾക്ക്​ തിരിച്ചറിയല്‍ കാര്‍ഡ് നൽകും

കാക്കനാട്: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം. തൊഴിലാളികളുടെ വിവരം ശേഖരിച്ച് രജിസ്‌ട്രേഷൻ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. എൻറോളിന് ഫെസിലിറ്റേഷന്‍ സ​െൻറര്‍ പെരുമ്പാവൂരില്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദ് അറിയിച്ചു. പദ്ധതി ചെയര്‍മാനായ ജില്ല കലക്ടർ മുഹമ്മദ് വൈ.സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ നടത്തിപ്പ് വിലയിരുത്തി. ആരോഗ്യ പരിരക്ഷക്കൊപ്പം സൗജന്യ ചികിത്സ സഹായവും തൊഴിലാളികള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും 15000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. അപകട ഇന്‍ഷുറന്‍സും ആവാസ് വാഗ്ദാനം ചെയ്യുന്നു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കായി പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. എൻറോൾമ​െൻറ്, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, പരിശോധന, നടത്തിപ്പ് തുടങ്ങിയവ തൊഴില്‍ വകുപ്പ് നിര്‍വഹിക്കും. പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായുള്ള നിര്‍ദേശം ജില്ല കലക്ടർ ഉടന്‍ നല്‍കും. മറ്റു വകുപ്പുകള്‍ക്കുകൂടി ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന വിധത്തില്‍ വിവിധോദ്ദേശ്യ ഏകീകൃത ഇന്‍ഷുറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുന്നത്. ചിപ്പ് അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍, ക്യു.ആര്‍. കോഡ് എന്നിവയുണ്ടായിരിക്കും. തൊഴിലാളിയുടെ ഫോട്ടോ, വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ കാര്‍ഡില്‍ ഉണ്ടാകും. ആവാസ് പദ്ധതിയില്‍ എൻറോൾ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഹാജരാക്കണം. കൂടാതെ താമസിക്കുന്ന പ്രദേശത്തെ താൽകാലിക വിലാസവും ജോലിചെയ്യുന്ന സ്ഥാപന ഉടമയുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. ജില്ല കലക്ടർ ചെയര്‍മാനായും ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മ​െൻറ്) കണ്‍വീനര്‍മാരായും ജില്ല മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണ പുരോഗതി വിലയിരുത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കും. ജില്ല ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. വിദ്യ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. മാത്യൂസ് നുമ്പേലി, എ.എസ്‌.ഐ എം.കെ. ബെന്നി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നിതീഷ് ദേവരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.