കണ്ണൂർ മെഡിക്കൽ കോളജ്​ പ്രവേശനം; വിഷയം പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈകോടതി

കൊച്ചി: കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ അധ്യയനവർഷം നടത്തിയ പ്രവേശനം റദ്ദാക്കിയ പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവിൽ സുപ്രീംകോടതി ഇടപെടാത്ത സാഹചര്യത്തിൽ ഹൈകോടതിക്ക് ഈ വിഷയം പരിഗണിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കണ്ണൂർ മെഡിക്കൽ കോളജിലും പാലക്കാട് കരുണ മെഡിക്കൽ കോളജിലും 2016--17 അധ്യയനവർഷം നടത്തിയ പ്രവേശനമാണ് മേൽനോട്ട സമിതി റദ്ദാക്കിയത്. ഇതിനെതിരെ നൽകിയ ഹരജിയിൽ സുപ്രീംകോടതി കരുണ മെഡിക്കൽ കോളജി​െൻറ കാര്യം മാത്രമാണ് പരിഗണിച്ചതെന്നും കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ തങ്ങൾക്ക് പ്രവേശനത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സ്വദേശിനി പൂജ, തലശ്ശേരി സ്വദേശിനി അനുപ്രിയ എന്നിവർ നൽകിയ ഹരജികളാണ് ഹൈകോടതി തള്ളിയത്. കരുണ മെഡിക്കൽ കോളജിൽ പ്രവേശനം നൽകാൻ മേൽനോട്ട സമിതി മെറിറ്റ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികൾക്ക് കഴിഞ്ഞവർഷം അഡ്മിഷൻ ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഈ വർഷം ഇവരെ പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കണ്ണൂർ മെഡിക്കൽ കോളജി​െൻറ കാര്യത്തിൽ ഒരുനിർദേശവും നൽകിയിരുന്നില്ലെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, രണ്ട് മെഡിക്കൽ കോളജിലെയും പ്രവേശനം സംബന്ധിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ച സുപ്രീംകോടതി കണ്ണൂർ മെഡിക്കൽ കോളജി​െൻറ കാര്യം പരിഗണിച്ചില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധി ഈ വിഷയത്തിൽ അന്തിമ തീർപ്പാണെന്നും ഹൈകോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.