ബേക്കറിക്ക് മുന്നിൽ വാഹനം നിർത്തിയതിന് യുവാവിനെയും കുടുംബത്തെയും ട്രാഫിക് എസ്.ഐ മർദിച്ചതായി പരാതി

മൂവാറ്റുപുഴ: ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ബേക്കറിക്ക് മുന്നില്‍ വാഹനം നിര്‍ത്തിയ യുവാവിനെയും കുടുംബത്തെയും മൂവാറ്റുപുഴ ട്രാഫിക് എസ്.ഐ ൈകയേറ്റം ചെയ്തതായി പരാതി. കഴിഞ്ഞദിവസം പ്രൈവറ്റ് സ്റ്റാൻഡിന് സമീപത്തുള്ള ബേക്കറിയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ കുടുംബത്തിനാണ് ട്രാഫിക് എസ്.ഐയുടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ പരിക്കേറ്റ കിഴക്കേക്കര മാളിയേക്കല്‍ അഹമ്മദിനെ(30) മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദും മാതാവും സഹോദരനും സഞ്ചരിച്ചിരുന്ന വാഹനം നോ പാര്‍ക്കിങ്ങിൽ നിര്‍ത്തിയെന്നാരോപിച്ച് ട്രാഫിക് എസ്.ഐ. സുനില്‍ തോമസ് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ചെയ്യാത്ത കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തതായും അഹമ്മദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആശ്രമം ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയുടെ മുൻവശം നോ പാര്‍ക്കിങ് മേഖലയല്ലെന്നും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അടക്കമുള്ളവ പാര്‍ക്ക് ചെയ്തിരുന്നിടത്താണ് താനും വാഹനം നിര്‍ത്തിയിരുന്നതെന്ന് അഹമ്മദ് പറയുന്നു. മാതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ ഉള്ളതിനാലും നോമ്പ് സമയമായതിനാലും സ്റ്റേഷനില്‍ കൊണ്ടു പോകരുതെന്നും പെനാല്‍റ്റി അടക്കാമെന്നും അപേക്ഷിച്ചിട്ടും സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയതായും കള്ളക്കേസ് എടുത്തതായും അഹമ്മദ് പറഞ്ഞു. എസ്.ഐ. ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അഹമ്മദും കുടുംബവും. എന്നാൽ, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിന് കേസെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ട്രാഫിക് എസ്.ഐക്ക് എതിരെ നടപടി വേണം- ടി.എം. ഹാരിസ് മൂവാറ്റുപുഴ: പൊതുനിരത്തില്‍ വാഹനം നിര്‍ത്തിയതി‍​െൻറ പേരില്‍ യുവാവിനെ കൈയേറ്റം ചെയ്ത മൂവാറ്റുപുഴ ട്രാഫിക് എസ്.ഐ സുനില്‍ തോമസിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായി പെരുമാറുന്ന പൊലീസ് ഇടപെടല്‍ പൊറുപ്പിക്കില്ല. അടുത്തയിടെ മൂവാറ്റുപുഴയിലേക്ക് സ്ഥലംമാറി എത്തിയ ട്രാഫിക് എസ്.ഐയുടെ നടപടിയില്‍ മര്യാദയുടെ കണികപോലുമില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അന്ധനായ യാത്രക്കാരനെ റോഡി‍​െൻറ മറുവശത്തേക്ക് കടക്കാന്‍ സഹായിച്ച ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് മൂവായിരം രൂപ പിഴയടപ്പിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്ക് പരാതി നല്‍കുമെന്നും ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.