കാവുങ്കരയിൽ ബദൽ ഗതാഗത സംവിധാനവുമായി നാട്ടുകാർ

മൂവാറ്റുപുഴ: ഗതാഗത പരിഷ്കാരം നഗരസഭ തന്നെ അട്ടിമറിച്ചതോടെ കാവുങ്കരയിൽ ബദൽ ഗതാഗത സംവിധാനവുമായി കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി. മേഖലയിലെ വൺേവ സംവിധാനമടക്കം താറുമാറായതോടെയാണ് നാട്ടുകാരുടെ ഇടപെടൽ. ആറുമാസം മുമ്പ് കൊണ്ടുവന്ന പരിഷ്കാരം മൂന്നുതവണ നടപ്പാക്കി പിൻവലിച്ചതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയായിരുന്നു. തിരക്കേറിയ ദേശീയപാതയിൽ അപകടം പെരുകുകയും ജനം ദുരിതത്തിലാവുകയും ചെയ്തതോടെയാണ് പുതിയ നീക്കം. ബൈപാസ് റോഡ് ദേശീയപാതയുമായി സന്ധിക്കുന്ന കീച്ചേരിപ്പടി ജങ്ഷനിലാണ് ഗതാഗതം ഏറെ രൂക്ഷമാകുന്നത്. വൺവേ സംവിധാനമടക്കം താറുമാറായതോടെ ന്യൂ ബസാർ റോഡിലും ഗതാഗത സ്തംഭനം പതിവാണ്. ഇത് പരിഹരിക്കാൻ ജങ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ച് നാട്ടുകാരുടെ സഹകരണത്തോടെ വൺവേ കർശനമാക്കാനും ന്യൂ ബസാർ റോഡിലെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തുള്ള കയറ്റിറക്ക് ഒഴിവാക്കും. കീച്ചേരിപ്പടി ജങ്ഷനിലെ കുരുക്ക് ഒഴിവാക്കാനും നടപടിയുണ്ടാകും. ജനകീയ കർമസേന രൂപവത്കരിച്ച് ട്രാഫിക് പോയൻറുകളിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് നീക്കംനടക്കുന്നത്. ഇതിന് അടുത്തയാഴ്ച വിപുലമായ യോഗം ചേരാൻ തീരുമാനമെടുത്തതായി കൗൺസിലർ പി.വൈ. നൂറുദ്ദീൻ പറഞ്ഞു. പൂർണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് മേഖലയിൽ പരിഷ്കാരം നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.