രാത്രികാല മരംവെട്ട് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയാകുന്നു

മട്ടാഞ്ചേരി: സുരക്ഷ മുന്നൊരുക്കമില്ലാതെ രാത്രി നടക്കുന്ന മരംവെട്ട് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നു. നേവൽ ബേസിന് സമീപത്തെ പത്തോളം തണൽവൃക്ഷങ്ങളാണ് രാത്രി കോടാലിക്ക് ഇരയാക്കുന്നത്. പഴക്കമേറിയ വൃക്ഷങ്ങൾ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നെങ്കിലും എതിർപ്പ് വകവെക്കാതെ വെട്ടിമാറ്റുകയാണ്. തിരക്കേറിയ മേഖലയായതിനാൽ രാത്രിയാണ് മരംമുറി. വേണ്ടത്ര വെളിച്ചം ഒരുക്കാതെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയുമാണ് പ്രവൃത്തി. വെട്ടിമാറ്റുന്ന ശിഖരങ്ങളും ചെറുചില്ലകളും റോഡിൽതന്നെ ഇടുന്നതാണ് രാത്രി ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുന്നത്. ചൊവ്വാഴ്ച രാത്രി അഞ്ചോളം ഇരുചക്രവാഹന യാത്രക്കാർക്കാണ് ചില്ലകൾക്ക് മുകളിൽ കയറി മറിഞ്ഞുവീണ് പരിക്കേറ്റത്. യാത്രക്കാരും നാട്ടുകാരും ബഹളം വെച്ച് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഒന്നരയോടെ പൊലീസെത്തി മരം മുറിക്ക് കരാറെടുത്തയാളെ വിളിച്ചുവരുത്തി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. കരാറുകാരനെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.