സാന്ത്വനം പരിപാടിയിലെ ധൂർത്ത്; മുഖ്യ വിവരാവകാശ കമീഷണറുടെ നിര്‍ദേശം അവഗണിച്ചെന്ന്

കാക്കനാട്: സിവില്‍ സ്റ്റേഷനില്‍ മൂന്നുവര്‍ഷം മുമ്പ് സംഘടിപ്പിച്ച സാന്ത്വനം പരിപാടിയില്‍ ചെലവഴിച്ചതിന് കണക്കില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപ്പീല്‍ ഹരജിക്ക് മറുപടി നല്‍കാന്‍ മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സൻ എം. പോള്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തക​െൻറ പരാതി. സാന്ത്വനം പരിപാടിയില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചതിന് കണക്കുകള്‍ ഡിസംബര്‍ ഒമ്പതിന് നല്‍കാനായിരുന്നു മുഖ്യ വിവരാവകാശ കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നത്. 2015 സെപ്റ്റംബറിലാണ് മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍ സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചത്. നിര്‍ധനരോഗികള്‍ക്ക് ചികിത്സ സഹായം, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം, അംഗപരിമിതരുടെ മക്കള്‍ക്ക് വിവാഹ ധനസഹായം തുടങ്ങി ഓട്ടേറെ ക്ഷേമ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ചികിത്സനിധിയില്‍നിന്ന് 1422 അപേക്ഷകര്‍ക്ക് 1.21 കോടി രൂപ കണയന്നൂര്‍ തഹസില്‍ദാര്‍ക്ക് കൈമാറിയതിന് മാത്രമാണ് കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് (ഡി.എം) മറുപടി നല്‍കിയത്. അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനം നല്‍കിയത് സംബന്ധിച്ച വിവരം ഓഫിസില്‍ ലഭ്യമല്ലെന്നും ജില്ല പഞ്ചായത്തി​െൻറ മേല്‍നോട്ടത്തിലാണ് മുച്ചക്ര വാഹന വിതരണം സംഘടിപ്പിച്ചതെന്നും ഇതുസംബന്ധിച്ച വിവരം ജില്ല പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് ലഭ്യമാകുമെന്നാണ് ജൂനിയര്‍ സൂപ്രണ്ട് വിവരാവകാശത്തിന് മറുപടി നല്‍കിയത്. മുച്ചക്രവാഹനം വിതരണം ചെയ്ത വകയില്‍ തുക ചെലവഴിച്ചതും വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല മുഖ്യ വിവരാവകാശ കമീഷണര്‍ക്ക് അപ്പീല്‍ ഹരജി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.