മൂന്നുവർഷംകൊണ്ട് ഇരട്ടി വളർച്ച ലക്ഷ്യമിട്ട്​ വിനോദ സഞ്ചാര നയം

കൊച്ചി: വിനോദ സഞ്ചാര വ്യവസായത്തെ പ്രാദേശിക സമ്പദ്ഘടനയുടെ നട്ടെല്ലാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിനോദ സഞ്ചാര നയത്തിന് അന്തിമ രൂപം നൽകി. 2020ഓടെ വിദേശ സഞ്ചാരികളുടെ എണ്ണം 100 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 50 ശതമാനവും വർധിപ്പിക്കുകയാണ് ലക്ഷ്യം. ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാകും സാമ്പത്തിക വളർച്ചക്ക് മുതൽകൂട്ടുക. രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രചാരണവും ശക്തമാക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മറ്റൊരു ലക്ഷ്യം. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള വികസന പദ്ധതികൾ നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, മൂലധന നിക്ഷേപം എന്നീ പരിമിതികൾ മറികടക്കും. മുതൽമുടക്കാൻ പ്രവാസികൾ ഉൾപ്പെടെ സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കും. എല്ലാ കേന്ദ്രങ്ങളിലും ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം വികസനത്തിന് കർമപരിപാടി, ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും പരമാവധി പ്രയോജനപ്പെടുത്തുക, കേരള ടൂറിസം സംരംഭകത്വ ഫണ്ട്, ഹരിത പെരുമാറ്റച്ചട്ടം എന്നിവയും നയത്തി​െൻറ ഭാഗമാണ്. 13ാം പഞ്ചവത്സര പദ്ധതിയിൽ നാലു ലക്ഷം പുതിയ തൊഴിലവസരവും ലക്ഷ്യമിടുന്നു. 1986 മുതൽ വ്യവസായമായി പരിഗണിക്കുന്ന വിനോദ സഞ്ചാര മേഖലക്ക് സംസ്ഥാനത്തി​െൻറ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുണ്ട്. 2016ൽ 10,38,419 (2015ൽ 9,77,479) വിദേശ സഞ്ചാരികൾ കേരളത്തിലെത്തി. 6.23 ശതമാനം വർധന. ആഭ്യന്തര സഞ്ചാരികൾ 1,31,72,535 (2015ൽ 1,24,65, 571) ആയിരുന്നു. വർധന 5.67 ശതമാനം. 7749.51 കോടിയാണ് 2016ലെ വിദേശ സാമ്പത്തിക വിനിമയം. മുൻവർഷത്തേക്കാൾ 11.51 ശതമാനം അധികം നേട്ടം. ആകെ വരുമാനം 29658.56 കോടി. മുൻ വർഷത്തേക്കാൾ 11.12 ശതമാനം വർധന. ആഭ്യന്തര സഞ്ചാരികളിൽ 54 ശതമാനം പേർ മധ്യകേരളത്തിലാണ് എത്തുന്നത്. വടക്കൻ കേരളത്തിൽ 26 ശതമാനവും തെക്കൻ കേരളത്തിൽ 20 ശതമാനവും സഞ്ചാരികളുമെത്തുന്നു. വിദേശികളിൽ 54 ശതമാനം പേരാണ് മധ്യകേരളം തെരഞ്ഞെടുക്കുന്നത്. 40 ശതമാനം ആളുകൾ തെക്കൻ കേരളത്തിലെത്തുമ്പോൾ നാല് ശതമാനം മാത്രമാണ് വടക്കൻ കേരളത്തിലെത്തുന്നത്. എസ്. ഷാനവാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.