ഇന്ത്യയുടെ വളർച്ചനിരക്ക്​ കുറ​യുമെന്ന്​ എ.ഡി.ബി

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തികവളർച്ചനിരക്ക് കുറയുമെന്ന പ്രവചനവുമായി ലോകബാങ്കിന് പിന്നാലെ ഏഷ്യൻ വികസന ബാങ്കും (എ.ഡി.ബി). നടപ്പു സാമ്പത്തികവർഷത്തെ വളർച്ചതോത് പ്രതീക്ഷിച്ച ഏഴു ശതമാനത്തിൽനിന്ന് 6.7 ശതമാനമായി കുറയുമെന്ന് എ.ഡി.ബി റിപ്പോർട്ട് വ്യക്തമാക്കി. നോട്ട് അസാധുവാക്കലി​െൻറ പ്രത്യാഘാതത്തിന് പുറമെ ജി.എസ്.ടിയിലേക്കുള്ള മാറ്റം, പ്രതികൂല കാലാവസ്ഥ കാരണം കാർഷികമേഖലയിലുണ്ടായ തിരിച്ചടി എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 2018-19 ൽ മൊത്ത ആഭ്യന്തരഉൽപാദനവും (ജി.ഡി.പി) കുറയുമെന്നാണ് എ.ഡി.ബി നിരീക്ഷണം. നേരേത്ത 7.4 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 7.3 ആയിരിക്കും ഇൗ രംഗത്തെ വളർച്ച. അതേസമയം, ജി.എസ്.ടി നടപ്പാക്കിയത് കാരണം ഉൽപാദനമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശക്തവും പ്രോത്സാഹനപരവുമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ നിലവിലെ മൂന്നാംപാദത്തിലും 2018 മാർച്ച് 31ന് അവസാനിക്കുന്ന നാലാം പാദത്തിലും വളർച്ചയുണ്ടായേക്കും. പൊതുമേഖലബാങ്കുകൾക്ക് സർക്കാർ നൽകുന്ന സഹായം ഇതിൽ പ്രധാനഘടകമാണ്. 2017ലെ ആദ്യ ഏഴുമാസം പണപ്പെരുപ്പം നിയന്ത്രണത്തിലായിരുന്നുവെന്ന് എ.ഡി.ബി റിപ്പോർട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒഴിവായതാണ് ഇതിന് പ്രധാന കാരണം. എന്നാൽ, ജൂലൈ മുതൽ ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ധാന്യങ്ങളുടെയും പച്ചക്കറിയുടെയും വിലവർധന കാരണം പണപ്പെരുപ്പവും ഉയരാൻ തുടങ്ങി. ആഗോളവിപണിയുടെ ചുവടുപിടിച്ച് എണ്ണവിലയും വർധിച്ചു. നേരേത്ത, ലോകബാങ്കും ഇന്ത്യയുടെ സാമ്പത്തികവളർച്ച നിരക്കിൽ പിറകോട്ടടി പ്രവചിച്ചിരുന്നു. 2017-18ൽ 7.2 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് ഏഴുശതമാനമായി കുറയുമെന്നാണ് ലോകബാങ്ക് പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.