തോട്ടികളുടെ ജീവിതം; കറുത്ത നാളി​െൻറ നടുക്കുന്ന ഒാർമയിൽ അവർ

ആലപ്പുഴ: ബക്കറ്റും മൺവെട്ടിയും ചൂലുമായി നഗരത്തിലൂടെ രാപകലില്ലാതെ പണിയെടുത്തിരുന്ന സമൂഹം ആലപ്പുഴയുടെ പഴയകാലത്തി​െൻറ വേദനിപ്പിക്കുന്ന ഒാർമയാണ്. കയർ വ്യവസായവും സുഗന്ധദ്രവ്യ വ്യാപാരവും ഉൾപ്പെടെ കച്ചവട കേന്ദ്രങ്ങളും പതിനായിരക്കണക്കിന് തൊഴിലാളികളും നിറഞ്ഞ നഗരത്തിൽ വേദന തിങ്ങിയ സമൂഹത്തി​െൻറ അറിയപ്പെടാത്ത പ്രതിനിധികളായിരുന്നു തോട്ടികൾ. ആ തലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ വിരളം. ആലിശ്ശേരിയിലും ചാത്തനാടും ആറാട്ടുവഴിയിലും കളപ്പുരയിലുമെല്ലാം സർക്കാർ പ്രത്യേകമായി നിർമിച്ച കോളനിയിലാണ് ഇന്ന് അവരുടെ വാസം. മുമ്പ് 250ഒാളം തൊഴിലാളികൾ സ്ഥിരമായി ഇൗ ജോലിയിലുണ്ടായിരുന്നു. നൂറിലധികം പേർ വേറെയും. മുതലാളിമാരായ സായിപ്പന്മാരുടെയും തദ്ദേശവാസികളുടെയും കക്കൂസ് കൃത്യമായി വൃത്തിയാക്കുന്ന തൊഴിലാളികൾ. ആലിശ്ശേരി കോളനിയിലെ ഏലിയാമ്മ അന്തോണിക്കും സ്കറിയ തങ്കക്കും ആ കറുത്ത ദിനങ്ങൾ ഒാർമിക്കാൻതന്നെ മടിയാണ്. ഇരുവർക്കും പ്രായം 75 ആകുന്നു. ഏലിയാമ്മയുടെ ഭർത്താവ് ചാക്കോ അന്തോണി തോട്ടിപ്പണി ചെയ്തിരുന്നു. ഏലിയാമ്മ 33 വർഷം മുനിസിപ്പാലിറ്റിയിൽ ഇൗ ജോലിക്കാരിയായിരുന്നു. പുലർച്ച 4.30ഒാടെ ചൂലും മൺവെട്ടിയും പാട്ടയുമായി ഇറങ്ങണം. 11 വരെ കക്കൂസുകൾ കയറിയിറങ്ങും. വൈകുന്നേരം മൂന്നിന് വീണ്ടും ജോലി തുടങ്ങും. അഞ്ചു വരെ. ചാക്കോ അന്തോണി 13 വർഷം മുമ്പ് മരിച്ചു. ദിവസം 60ഒാളം കക്കൂസ് വൃത്തിയാക്കേണ്ടിവന്നിട്ടുണ്ടെന്ന് സ്കറിയ തങ്ക പറഞ്ഞു. അന്ന് മാസക്കൂലി 60 രൂപ. ഭർത്താവ് സ്കറിയയും ഒപ്പമുണ്ടായിരുന്നു. തോട്ടിപ്പണിക്കാർക്ക് താമസിക്കാൻ ആദ്യം സ്ഥലമില്ലായിരുന്നു. അവരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ ടി.വി. തോമസ് മന്ത്രിയായപ്പോഴാണ് മാറ്റമുണ്ടായത്. നഗരത്തിൽ പ്ലേഗും വസൂരിയും കോളറയും ബാധിച്ചവരെ ഒഴിച്ച് പാർപ്പിക്കാനും മരിച്ചവരെ കുഴിച്ചിടാനും ഉപയോഗിച്ചിരുന്ന പ്ലേഗ് ഷെഡ് പുരയിടമാണ് വർഷങ്ങൾക്കുശേഷം ഇൗ തൊഴിലാളികൾക്ക് കോളനി നിർമിക്കാൻ ഉപയോഗിച്ചത്. തൊഴിലാളികളുടെ നാലാം തലമുറയാണ് ഇന്ന് അവിടെ കൂടുതൽ. പഴയ തൊഴിലിനെക്കുറിച്ച് ധാരണയുള്ള തലമുറ ഏറക്കുറെ കടന്നുേപായി കഴിഞ്ഞു. ശേഷിക്കുന്നവർ പ്രായാധിക്യത്താൽ കഴിഞ്ഞുകൂടുന്നു. എങ്കിലും അവധി ഇല്ലാത്ത, കക്കൂസുകൾ മാത്രം ലോകമായിരുന്ന കാലത്തി​െൻറ ദുർഗന്ധമേറിയ ജീവിതം മുൻഗാമികളുടെ കാലത്തുതന്നെ അവസാനിച്ചതിൽ കൃതാർഥരാണ് അവർ. കളർകോട് ഹരികുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.