ദുരന്തബാധിത മേഖലക്ക്​ പ്രത്യേക പാക്കേജ്: നിർ​ദേശങ്ങൾ സർക്കാറിന്​ സമർപ്പിക്കും

കാക്കനാട്: ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലക്ക് സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ എസ്. ശർമ എം.എല്‍.എയുടെയും ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. 10,11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് പാക്കേജ് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തീരദേശ മേഖലക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനുള്ള നടപടികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്. കടല്‍ഭിത്തി, പുലിമുട്ട്, സംരക്ഷണഭിത്തി, കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ എന്നിവയുടെ നിർമാണം, വീടുകള്‍ തകര്‍ന്നവരുടെ പുനരധിവാസം, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം എന്നിവ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാകും പാക്കേജ് തയാറാക്കുക. കടല്‍ഭിത്തികളുടെ നിർമാണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് പ്രത്യേക പദ്ധതി നിര്‍ദേശം സമര്‍പ്പിക്കണമെന്നും ഒരാഴ്ചത്തേക്ക് കുടുംബത്തിന് ധനസഹായം നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വീടുകള്‍ തകര്‍ന്നവര്‍ക്ക് വാടകക്ക് വീടുകള്‍ ഏര്‍പ്പാടാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കടല്‍ഭിത്തിയുടെ ഉയരവും വീതിയും വര്‍ധിപ്പിക്കണം. അടിയന്തര സഹായപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍നിന്ന് ഓരോ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. കൊച്ചി, മുനമ്പം അഴിമുഖങ്ങള്‍ വഴി കടലിൽ പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും കൃത്യമായ വിവരം ശേഖരിക്കാൻ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. പുലിമുട്ടി​െൻറയും കടല്‍ഭിത്തിയുടെയും നിർമാണത്തിന് പ്രത്യേക പഠനം ആവശ്യമാണ്. ചെന്നൈ ഐ.ഐ.ടിയുമായി ചര്‍ച്ച ചെയ്ത് സാങ്കേതികവശങ്ങള്‍ തീരുമാനിക്കാമെന്ന് എം.എല്‍.എ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തകര്‍ന്ന വീടുകളുടെ കണക്കെടുക്കും കാക്കനാട്: കടല്‍ക്ഷോഭത്തില്‍ പൂർണമായോ ഭാഗികമായോ തകര്‍ന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന് പ്രത്യേകസംഘത്തെ നിയോഗിക്കും. തകര്‍ന്ന വീടുകളുടെ അടങ്കൽ തയാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി വേഗത്തിലാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.