ബൈക്കിലെത്തി വിദേശികളുടെ ബാഗ് കവരുന്ന യുവാവ് പിടിയില്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികളായ വനിതകളുടെ ബാഗുകള്‍ ബൈക്കിലെത്തി പിടിച്ചുപറിക്കുന്ന യുവാവിനെ ഫോര്‍ട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി ഇല്ലത്ത് പറമ്പില്‍ വീട്ടില്‍ ഷിറാസിനെയാണ് (27) സി.ഐ പി. രാജ്കുമാര്‍, എസ്.ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ ഷിറാസ് സേലത്ത് ഒളിവില്‍ കഴിയെവയാണ് പിടിയിലായത്. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷിറാസ് സേലത്ത് വാടകവീട്ടില്‍ താമസിക്കുകയും വ്യാജവിലാസത്തില്‍ ആധാര്‍, പാന്‍ കാര്‍ഡുകൾ കരസ്ഥമാക്കി പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കാന്‍ തയാറെടുക്കവെയായിരുന്നു അറസ്റ്റ്. സേലത്തുനിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളത്ത് എത്തുന്ന പ്രതി റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്ക് മോഷ്്ടിച്ചശേഷം ഫോര്‍ട്ട്കൊച്ചിയിലെത്തി കവര്‍ച്ചക്കുശേഷം മടങ്ങുകയാണ് പതിവ്. ഫോര്‍ട്ട് കൊച്ചിയില്‍ മൂന്നോളം വിദേശ വനിതകളുടെ ബാഗ് ഇയാള്‍ കവര്‍ന്നിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ട്രെയിനില്‍വെച്ച് പരിചയപ്പെടുന്നവര്‍ക്ക് വിൽക്കും. വിദേശ കറന്‍സികള്‍ സേലത്ത് എക്സ്ചേഞ്ച് ചെയ്യും. തോപ്പുംപടിയിലും ഫോര്‍ട്ട്കൊച്ചിയിലും വീടുകളില്‍നിന്ന് മോഷണം നടത്തിയതിനും മട്ടാഞ്ചേരിയില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പശ്ചിമകൊച്ചിയില്‍നിന്ന് കഞ്ചാവ് വാങ്ങാൻ സേലത്ത് എത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതും ഷിറാസാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഷിറാസ് ഫോര്‍ട്ട്കൊച്ചിയിലെത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുല്ലുപാലത്തിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.