വഴിയോരകച്ചവടക്കാരുടെ പുനരധിവാസം അവതാളത്തിൽ

പറവൂർ: നഗരത്തിലെ പാതയോരങ്ങളിൽനിന്ന് കുടിയൊഴിപ്പിച്ച വഴിയോരകച്ചവടക്കാരുടെ പുനരധിവാസം അവതാളത്തിൽ. മാസങ്ങൾക്കുമുമ്പ് നഗരത്തിലെ പാതയോരങ്ങളിൽനിന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരം നഗരസഭയും റവന്യൂ അധികൃതരും ചേർന്ന് കുടിയൊഴിപ്പിച്ച വഴിയോരകച്ചവടക്കാർ ഇതോടെ വഴിയാധാരമായിരിക്കുകയാണ്. ഏകദേശം നൂറിലേറെ വഴിയോരകച്ചവടക്കാരാണ് പഴയ സ്റ്റാൻഡ് മുതൽ ചേന്ദമംഗലം കവലവരെയുള്ള പ്രധാന റോഡിൽ ഉപജീവനത്തിനായി കച്ചവടം നടത്തിയിരുന്നത്. പാതയോരങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുമെന്ന് നഗരസഭയും റവന്യൂ അധികൃതരും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇവരുടെ പുനരധിവാസം കീറാമുട്ടിയാകുമെന്ന് കണ്ടതോടെ മുനിസിപ്പൽ ബസ്സ്റ്റാൻഡിന് പിന്നിലായി വഴിയോരകച്ചവടക്കാർക്കായി പ്രത്യേക സൗകര്യമൊരുക്കി. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ കാലതാമസം നേരിട്ടതാണ് പുനരധിവാസം നീളാൻ ഇടയാക്കിയത്. ലക്ഷങ്ങൾ മുടക്കി ടൈൽപാകി ചുറ്റും ഇരുമ്പുകുറ്റികൾ സ്ഥാപിച്ചാണ് സൗകര്യമൊരുക്കിയത്. ഏഴു മാസം പിന്നിട്ടിട്ടും ഇതുവരെ നഗരത്തിലെ ഒരു കച്ചവടക്കാരനെയും പുനരധിവസിപ്പിക്കാൻ അധികൃതർക്കായിട്ടില്ല. പ്രദേശത്ത് യാത്രക്കാരുടെയും മറ്റും എണ്ണം കുറവായതിനാൽ കച്ചവടം എത്രത്തോളം ലഭിക്കുമെന്നകാര്യത്തിൽ വഴിയോരകച്ചവടക്കാർക്ക് ആശങ്കയുണ്ട്. അതേസമയം, വഴിയോരകച്ചവടക്കാർക്കായി തയാറാക്കിയ ഇരിപ്പിടത്തിൽ വെയിലും മഴയും ഏൽക്കാതിരിക്കാൻ മേല്‍ക്കൂരയില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 2018 മാർച്ച് 31ന് മുമ്പ് മേൽക്കൂര നിർമിച്ചുനൽകാമെന്ന് നഗരസഭ അധികാരികൾ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പുനരധിവാസകേന്ദ്രത്തിൽ വഴിയോരകച്ചവടക്കാരുടെ ഉന്തുവണ്ടികൾ ഇവർതന്നെ കൊണ്ടുപോയി ഇട്ടിട്ടുണ്ട്. എന്നാൽ, കച്ചവടം ഇതേവരെ ആരംഭിച്ചിട്ടില്ല. മേൽക്കൂരയില്ലാത്തതിനാൽ കച്ചവടക്കാർക്ക് അവിടെ ഇരുന്ന് വിൽപന നടത്താൻ കഴിയാത്തസ്ഥിതിയാണ്. പ്രധാന റോഡുകളിൽ ലഭിക്കുന്ന കച്ചവടം ഇവിടെ ലഭിക്കാൻ സാധ്യതയില്ലാത്തതും വഴിയോരകച്ചവടക്കാരെ കുഴക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.