വാഹനം കൂട്ടിയിടിച്ച സംഭവം: വര്‍ഗീയവത്കരിക്കാന്‍ നീക്കമെന്ന് ആക്ഷേപം

പെരുമ്പാവൂര്‍: വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവം വര്‍ഗീയവത്കരിക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ചൊവ്വാഴ്ച തെറ്റിക്കോട് ലൈന്‍ റോഡിലെ ക്ഷേത്രത്തിന് സമീപം കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തെ തുടര്‍ന്ന് വാഹന ഉടമകള്‍ തമ്മില്‍ വാക്കേറ്റവും പോര്‍വിളിയും നടന്നിരുന്നു. ബി.ജെ.പി മഹിള മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്‍റ് രേണുകയും ഭര്‍ത്താവ് സുരേഷും കുട്ടികളുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. കാറില്‍ കൊച്ചി സ്വദേശി താജുദ്ദീനും കുടുംബവുമായിരുന്നു. താജുദ്ദീനും കുടുംബവും ഭാര്യയുടെ റയോണ്‍പുരത്തുള്ള വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. രണ്ട് വാഹനങ്ങള്‍ക്കും ചെറിയ പോറല്‍ സംഭവിച്ചു. വാക്കേറ്റം സങ്കീര്‍ണമാകുമെന്ന ഘട്ടത്തില്‍ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെടെ രംഗത്തത്തെി. തുടര്‍ന്ന് കാറുടമ മാപ്പ് പറഞ്ഞ് പിരിയുകയും ചെയ്തു. ഇതിനിടയില്‍ താജുദ്ദീന്‍െറ ഭാര്യാ സഹോദരന്‍ അജ്മല്‍ രേണുക സുരേഷും കുടുംബവും പോകുന്ന വഴിക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാണ് പ്രധാന പരാതി. ഇതിനെതിരെ സംഭവ ദിവസം രാത്രി ബി.ജെ.പിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. താജുദ്ദീന്‍, അജ്മല്‍ തുടങ്ങിയ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടി. ഒരാളെ കോടതി റിമാന്‍ഡ് ചെയ്തു. നിരപരാധികളായ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി മറുവിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍, പൊലീസ് പ്രതികളെ പിടികൂടാന്‍ കൂട്ടാക്കുന്നില്ളെന്ന് ആരോപിച്ച് തിങ്കളാഴ്ച വൈകീട്ട് ടൗണില്‍ ബി.ജെ.പി പ്രകടനവും പൊതുസമ്മേളനവും നടത്തി.പ്രശ്നം തണുപ്പിക്കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വങ്ങള്‍ ശ്രമിക്കുന്നില്ളെന്നാണ് ആരോപണം. സി.ഐ.ടി.യു ഓട്ടോ തൊഴിലാളിയൂനിയന്‍ അംഗവും പാര്‍ട്ടിയുടെ ഭാരവാഹിയുമായ ഒരാളുടെ രണ്ട് മക്കളെ പ്രധാന പ്രതികളാക്കിയാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ നിരപരാധിയാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പാര്‍ട്ടി മൗനം പാലിക്കുന്നതില്‍ വിഭാഗീയതക്ക് കാരണമായിട്ടുണ്ട്. എ.വൈ.എഫ്.ഐ മണ്ഡലം ഭാരവാഹി കേസില്‍ മൂന്നാം പ്രതിയാണ്. നാട്ടില്‍ ഉണ്ടായ നിസ്സാര പ്രശ്നം വര്‍ഗീയവത്കരിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ ഇടപെടലുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.