ഗ്രാമീണ ഉല്‍പന്നങ്ങളുമായി ഐ.ആര്‍.ഡി.പി വിപണനമേള

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് ഐ.ആര്‍.ഡി.പി, എസ്.ജി.എസ്.വൈ വിപണനമേള തുടങ്ങി. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ് ഗ്രാമീണ ഉല്‍പന്നങ്ങളും വിഭവങ്ങളും ഒരുക്കിയിരിക്കുന്നത്. കുടുബശ്രീ ഉല്‍പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിലാണ് വില്‍പന. ഗുണമേന്മയുള്ള ഗ്രാമീണ ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തുകയാണ് മേളയുടെ ലക്ഷ്യം. ബ്ളോക്കുകളില്‍നിന്നുള്ള ഗുണഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളോടൊപ്പം നാടന്‍ പച്ചക്കറികളും പ്രദര്‍ശനത്തിലുണ്ട്. കരകൗശല വസ്തുക്കള്‍, ഗ്രാമീണ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, നാടന്‍ പലഹാരങ്ങള്‍, കുടമ്പുളി, കൈത്തറി വസ്ത്രങ്ങള്‍, തേന്‍, മറയൂര്‍ ശര്‍ക്കര തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ചക്കയും ചക്കവിഭവങ്ങളും കപ്പയും കപ്പ വിഭവങ്ങളും മുളയരി പായസവും കൂവപ്പൊടിയില്‍ നിര്‍മിക്കുന്ന സിന്ധൂരം തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ ഓണം മേളയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ ഇടുക്കി ജില്ലയിലെ ദേവികുളം ബ്ളോക് പഞ്ചായത്തിന് കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ വാഴക്കുളം ബ്ളോക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡോളി കുര്യാക്കോസും ട്രോഫി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു. രാവിലെ പത്ത് മുതല്‍ വൈകീട്ട് എട്ട് വരെയാണ് മേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.