ലഹരി വില്‍പനയിലും ഉപയോഗത്തിലും വിദ്യാര്‍ഥികള്‍ മുന്നില്‍; മുന്നറിയിപ്പുമായി അധികൃതര്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിലെ മയക്കുമരുന്ന് ഉപഭോക്താക്കളും വില്‍പനക്കാരിലേറെയും വിദ്യാര്‍ഥികള്‍. എക്സൈസ് സംഘത്തിന്‍െറയും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറയും അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം. സംസ്ഥാനത്ത് വിദ്യാര്‍ഥി സംഘങ്ങള്‍ ഇത്ര വ്യവസ്ഥാപിതമായി മയക്കുമരുന്ന് വില്‍പന നടത്തുന്ന സ്ഥലം വേറെയില്ളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗിപ്പിക്കാന്‍ സമ്മര്‍ദവും പുറമെ ഭീഷണിയും ബ്ളാക്മെയ്ലിങ്ങും വഴി പുതിയ ഇരകളെ ഉപഭോക്താക്കളാക്കുന്ന തന്ത്രങ്ങളും ഇവര്‍ പയറ്റുന്നു. രണ്ടു വര്‍ഷത്തിനിടെ ലഹരി ഉപയോഗത്തില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചത്. പണമുണ്ടാക്കാനുള്ള എളുപ്പമാര്‍ഗമായും ഈ രംഗം മാറിയതോടെ നിരവധി കുട്ടികളാണ് ഈ രംഗത്ത് സജീവം. കഞ്ചാവാണ് മുഖ്യ ഉപയോഗവും കടത്തും. സംസ്ഥാന അതിര്‍ത്തിയായ കമ്പം, തേനി മേഖലകളില്‍ നിന്നാണ് കഞ്ചാവ് എത്തുന്നത്. അന്യസംസ്ഥാനക്കാരടക്കമാണ് ഏജന്‍റുമാര്‍. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലയിലാണ് വില്‍പന തകൃതി. വാടകക്ക് കാര്‍ എടുത്ത് അതിര്‍ത്തിയില്‍ കാത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. സാധാരണ വാഹന പരിശോധനയില്‍ പിടിക്കപ്പെടാത്ത നിലയിലാണിത്. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ സ്റ്റോക് ചെയ്ത് ഏറെ ഡിമാന്‍ഡുള്ള ഇടുക്കി ചടയന്‍ എന്ന പേരില്‍ വില്‍പനക്കത്തെിക്കുകയാണ് ചെയ്യുന്നത്. കാപ്പിപ്പൊടി മിക്സ് ചെയ്ത് നിറവും, സ്മെല്ലും മാറ്റിയ ശേഷമാണ് വടക്കേ ഇന്ത്യന്‍ കഞ്ചാവ് ഇവിടെ ചടയനെന്ന പേരില്‍ വില്‍പന നടത്തുന്നുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. കിലോക്ക് 6000 മുതല്‍ 8000 രൂപ വരെ വിലയ്ക്ക് ഏജന്‍റുമാര്‍ വാങ്ങുന്ന കഞ്ചാവ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം രൂപ വരെ വിലയ്ക്കാണ് ഇവിടെ ചില്ലറ വില്‍പന നടത്തുന്നത്. വലിക്കുന്നതിന് പുറമെ ലാഭവും കിട്ടുമെന്നായതോടെയാണ് വിദ്യാര്‍ഥികള്‍ കച്ചവട രംഗത്ത് സജീവമായത്. മദ്യപിച്ചാല്‍ ഉണ്ടാകുന്ന മണവും, മറ്റും മയക്കുമരുന്നിനില്ളെന്നതും കഞ്ചാവ് ഉപയോഗിച്ചാല്‍ ബുദ്ധിയും ഓര്‍മ ശക്തിയും വര്‍ധിക്കുമെന്ന കള്ള പ്രചാരണവും പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ ലൈംഗിക ഉത്തേജകമെന്ന തെറ്റിദ്ധാരണയില്‍ നിരവധി മധ്യവയസ്കരും ഇതിന്‍െറ ഉപഭോക്താക്കളായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. അതിനിടെ സ്റ്റാമ്പെന്ന പേരില്‍ പുതിയ ലഹരി വസ്തുവിപണിയില്‍ എത്തിയത് അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്. റവന്യൂ സ്റ്റാമ്പിന്‍െറ വലുപ്പത്തിലും മാതൃകയിലുമുള്ള പേപ്പറില്‍ ചെറിയ പൊട്ടിന്‍െറ വലുപ്പത്തില്‍ മയക്കുമരുന്ന് കവര്‍ ചെയ്തു വരുന്നു. നാക്കിനടിയില്‍ സ്റ്റാമ്പ് വെച്ചാല്‍ നാല് ദിവസം വരെ ഒരേ നിലയില്‍ ലഹരി നിലനില്‍ക്കുമത്രെ. ഇതും വ്യാപകമാകുകയാണ്. ഇത്തരം വസ്തുക്കള്‍ എങ്ങനെ പിടികൂടാന്‍ കഴിയുമെന്നറിയാതെ കുഴയുകയാണ് അധികൃതര്‍. വിദ്യാര്‍ഥികള്‍ വ്യാപകമായി ഉപഭോക്താക്കളും ഗുണഭോക്താക്കളുമായി മാറുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് ഉപയോഗം തടയാന്‍ പൊതു സമൂഹത്തിന്‍െറ പിന്തുണ തേടുകയാണ് അധികൃതര്‍. മത-രാഷ്ട്രീയ -സാമൂഹിക സംഘടനകളുടെ കൂടി സഹകരണമുണ്ടായാലെ ഈ വിപത്ത് തുടച്ചു നീക്കാനാകൂവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.