പാലത്തിന് മുകളില്‍ റോഡ് പണി സാമഗ്രികള്‍: അപകടം ക്ഷണിച്ചുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ്

വൈപ്പിന്‍: അനുദിനം വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറക്കാന്‍ ബോധവത്കരണ പരിപാടികളും കാമ്പയിനുകളും സജീവമാകുമ്പോള്‍ പാലത്തിന് മുകളില്‍ റോഡ് പണി സാമഗ്രികള്‍ ഇറക്കി പൊതുമരാമത്ത് വകുപ്പ് അപകടം സ്പോണ്‍സര്‍ ചെയ്യുന്നു. സംസ്ഥാനപാതയില്‍ പള്ളിപ്പുറം കോണ്‍വന്‍റ് കവലക്ക് തെക്ക് ഭാഗത്തെ വാടേല്‍പാലത്തിലാണ് ഇടറോഡ് നിര്‍മാണത്തിന് മെറ്റലും ടാര്‍ വീപ്പകളും ഉള്‍പ്പെടെയുള്ളവ ഇറക്കിയത്. ഇത് പാലത്തിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് അപകടഭീഷണിയായിരിക്കുകയാണ്. പാലത്തിന്‍െറ തെക്കുകിഴക്കായി അപ്രോച്ച് റോഡ് സന്ധിക്കുന്ന ഭാഗത്തായാണ് മെറ്റല്‍കൂനകളും ടാര്‍ ബാരലുകളും നിരത്തിയിരിക്കുന്നത്. പാതയോരത്ത് നിര്‍മാണവസ്തുക്കള്‍ ഇറക്കുന്നതിനെതിരെ ഞാറക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് കര്‍ശന നടപടി എടുക്കവെയാണ് പൊതുമരാമത്ത് വകുപ്പുതന്നെ ഇങ്ങനെ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി മെറ്റല്‍കൂനയില്‍ കയറി ഇറങ്ങിയ നിരവധി വാഹനങ്ങള്‍ അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ടുഭാഗങ്ങളായാണ് മെറ്റല്‍കൂന നിരത്തിയത്. ഇതിന് മധ്യേയാണ് പതിനഞ്ചോളം ടാര്‍ വീപ്പകള്‍ നിരത്തി വെച്ചിരിക്കുന്നത്. പുതുക്കിപ്പണിത വീതിയേറിയ വാടേല്‍ പാലം കരാറുകാരുടെ പാര്‍ക്കിങ് ഏരിയ കൂടിയാണ്. ഒരു റോഡ് റോളര്‍ ഇവിടെ ദീര്‍ഘകാലം തമ്പടിച്ചുകിടന്നിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇത് മാറ്റിയത്. ഇപ്പോള്‍ ഇറക്കിയ മെറ്റല്‍ കൂനകള്‍ റോഡിലേക്ക് അത്യന്തം അപകടകരമാം വിധമാണ് കിടക്കുന്നത്. മറുവശത്തെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ വടക്കുനിന്ന് വരുന്ന വാഹനങ്ങള്‍ പലതും മെറ്റലിലൂടെ കയറിയിറങ്ങുന്നു. റോഡില്‍ ചിതറുന്ന മെറ്റലില്‍ കയറി ഇരുചക്രവാഹനങ്ങള്‍ തെന്നുന്നുമുണ്ട്. ഈ ഭാഗത്ത് തെരുവുവിളക്ക് തെളിയാത്തതും രാത്രി അപകടത്തിനിടയാക്കുമെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. അപകടം ക്ഷണിച്ചുവരുത്തുന്ന മെറ്റല്‍കൂനയും മറ്റ് ഉപകരണങ്ങളും എത്രയും പെട്ടെന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ഐ ബ്ളോക് സെക്രട്ടറിമാരായ മാര്‍ട്ടിന്‍ തോപ്പില്‍, അഡ്വ. തോമസ് കാച്ചപ്പിള്ളി എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.