മുഖ്യമന്ത്രിയും പിണറായിയും ഇന്ന് ജില്ലയില്‍; നെട്ടോട്ടത്തില്‍ പൊലീസും

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സി.പി.എം നേതാവ് പിണറായി വിജയനും വിവിധ പരിപാടികളുമായി ചൊവ്വാഴ്ച ജില്ലയിലത്തെുന്നതോടെ പൊലീസിന് നെട്ടോട്ടം. സോളാര്‍ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരാനിടയുള്ള പ്രതിഷേധങ്ങളാണ് പൊലീസിനെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നത്. പിണറായിയുടെ വിവിധ പരിപാടികള്‍ക്കായി സി.പി.എം അണികള്‍ കൂട്ടത്തോടെ നഗരത്തിലത്തെുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന്‍െറ രൂക്ഷത വര്‍ധിക്കുമെന്ന ആശങ്കയിലാണ് അധികൃതരും. ചൊവ്വാഴ്ച നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസ് തിങ്കളാഴ്ച വൈകുന്നേരത്തോടെതന്നെ ജാഗ്രതയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പൊലീസിനെയും എ.ആര്‍ ക്യാമ്പിലെ പൊലീസുകാരെയും വിന്യസിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച രാവിലെ 9.30ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാബ്ളോക്കിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചാണ് മുഖ്യമന്ത്രി പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്‍ററില്‍ നിര്‍മിക്കുന്ന നീന്തല്‍ക്കുളത്തിന്‍െറ ശിലാസ്ഥാപനം, കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ളാവില്‍ സജ്ജീകരിച്ച ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം, തോപ്പുംപടി ജി.സി.ഡി.എ പാലം പ്രവേശകവാടത്തിന്‍െറ നാമകരണം, നെട്ടൂരില്‍ ജനുറം കുടിവെള്ള പദ്ധതി ഉദ്ഘാടനം തുടങ്ങിയവയാണ് തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ പരിപാടികള്‍. മുഖ്യമന്ത്രിക്കൊപ്പം വിവിധ വകുപ്പ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. അതേസമയം, സോളാര്‍ കമീഷനിലെ സരിതയുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ ഇടത്-ബി.ജെ.പി യുവജന സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരായ കടുത്ത പ്രതിഷേധത്തിലുമാണ്. കഴിഞ്ഞദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, നവകേരള മാര്‍ച്ചുമായി പിണറായി ചൊവ്വാഴ്ച ജില്ലയില്‍ പ്രവേശിക്കുന്നത്. രാവിലെ 10ന് അങ്കമാലി ബസ് സ്റ്റാന്‍ഡിലാണ് ജില്ലയിലെ ആദ്യസ്വീകരണം. തുടര്‍ന്ന് ജൈവകാര്‍ഷിക രംഗത്ത് സംസ്ഥാനത്തിന് മാതൃകയായ പള്ളിയാക്കല്‍ സര്‍വിസ് സഹകരണബാങ്കിന്‍െറ ജൈവകൃഷിത്തോട്ടം സന്ദര്‍ശിച്ച് പറവൂര്‍, ചെറായി എന്നിവിടങ്ങളിലെ സ്വീകരണവും ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് എറണാകുളം മറൈന്‍ഡ്രൈവില്‍ പൊതുസമ്മേളനം. എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.