കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

തൃപ്പൂണിത്തുറ: ഉദയംപേരൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പാതിരാത്രിയില്‍ റെയ്ഡ് നടത്തി രണ്ട് പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളിയാഴ്ച രാവിലെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ബുധന്‍, വ്യാഴം ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് പൊലീസ് തെക്കന്‍ പറവൂര്‍, പുന്നക്കാവെളി ഭാഗങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്തിയതെന്ന് കോണ്‍ഗ്രസ് നതോക്കള്‍ പറഞ്ഞു. തെക്കന്‍പറവൂരില്‍നിന്ന് റെജി ജോസഫിനെയും പുന്നക്കാവെളിയില്‍നിന്ന് അനിയന്‍കുഞ്ഞിനെയുമാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. കുറുപ്പശ്ശേരിയില്‍ അമ്മയും ഭാര്യയും മകളും താമസിക്കുന്ന വീട്ടിലും പൊലീസ് കയറി പരിശോധിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വീടുകളില്‍ റെയ്ഡ് നടത്തിയ പൊലീസ് മോശമായാണ് പെരുമാറിയതെന്നും ആക്ഷേപമുണ്ട്. കള്ളക്കേസ് ചുമത്തിയാണ് രണ്ട് പ്രവര്‍ത്തകരെയും പൊലീസ് കൊണ്ടുപോയതെന്നും ആരോപണമുണ്ട്. പൊലീസ് അര്‍ധരാത്രിയില്‍ വീടുകളില്‍ കയറി പിടിച്ചുകൊണ്ടുപോയ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ വെള്ളിയാഴ്ച രാവിലെ സമരം നടത്തിയത്. കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ബാബു ആന്‍റണി, രാജു പി. നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍ ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജുബന്‍ ജോണ്‍, പഞ്ചായത്ത് കമ്മിറ്റി യു.ഡി.എഫ് അംഗങ്ങള്‍ എന്നിവരും സമരത്തിനുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടക്കാവില്‍ സായാഹ്ന ധര്‍ണയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.