മരട് നഗരസഭക്കാര്‍ക്ക് വിരല്‍ത്തുമ്പില്‍ വിവരങ്ങളറിയാം

മരട്: നഗരസഭാ നിവാസികള്‍ക്ക് ഇനി കാര്യങ്ങള്‍ വിരല്‍ത്തുമ്പിലറിയാം. ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലേക്ക് മാറുന്ന കാലഘട്ടത്തില്‍ മരട് നഗരസഭയും നഗരവാസികള്‍ക്കായി വെബ്സൈറ്റ് തയാറാക്കി. www.hellomaradu.org എന്ന പേരില്‍ തുടങ്ങുന്ന സൈറ്റിലൂടെ ലോകത്തിന്‍െറ ഏതു ഭാഗത്തിരുന്നും വിവരങ്ങള്‍ അറിയാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സ്വതന്ത്ര പോര്‍ട്ടലായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വെബ് സൈറ്റ് ശനിയാഴ്ച വൈകീട്ട് ആറിന് കൊട്ടാരം എസ്.എന്‍ പാര്‍ക്കില്‍ പ്രഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സന്‍ ദിവ്യ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. വെബ്സൈറ്റ് ഉദ്ഘാടനം സിനിമാതാരം രഞ്ജിനി നിര്‍വഹിക്കും. മുന്‍മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. റിയല്‍ എസ്റ്റേറ്റ്, വീട് വാടകക്ക് നല്‍കല്‍, വിവാഹം, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍... എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് വെബ്സൈറ്റ് പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാം. വെബ്സൈറ്റില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മരടിലുള്ളവര്‍ക്ക് ഓട്ടോ വിളിക്കാനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കും ഒറ്റ വിരല്‍ത്തുമ്പില്‍ കാര്യങ്ങള്‍ സാധ്യമാകും. വെബ്സൈറ്റ് വിജയം കണ്ടാല്‍ മൊബൈല്‍ ആപ് നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും ആശാംപറമ്പില്‍ പറഞ്ഞു. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെ അമിതകൂലി ഈടാക്കുക, മോശം പെരുമാറ്റം തുടങ്ങിയ പരാതികള്‍ മൂന്ന് തവണയില്‍ കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്കെതിരെ അന്വേഷിച്ച് വെബ്സൈറ്റില്‍ നിന്നും അവരെ ഒഴിവാക്കുമെന്നും വെബ്സൈറ്റിന് ഇതില്‍ ഒരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല എന്നും ആശാംപറമ്പില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.