ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഓട്ടോക്കാരുടെ അവഗണന

ആലുവ: രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കുടുംബം ഓട്ടോക്കാരുടെ ഒൗദാര്യത്തിനായി കാത്തുനിന്നത് അരമണിക്കൂറോളം. ഞായറാഴ്ച രാത്രിയിലാണ് സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ദുരിതത്തിലായത്. രാത്രി 10ന് കുടുംബം ഓട്ടം വിളിച്ചിട്ടും ആരും ഓട്ടം പോകാന്‍ തയാറായില്ല. ആലുവ ദേശത്ത് താമസിക്കുന്ന രാധാകൃഷ്ണനും കുടുംബവും വീട്ടില്‍ പോകാനായി റെയില്‍വേ സ്റ്റേഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരെ സമീപിക്കുകയായിരുന്നു. ക്യൂവില്‍ ടേണിനായി കാത്തുകിടന്നവരെല്ലാം ഓട്ടം പോകുന്നില്ളെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. പത്തോളം ഡ്രൈവര്‍മാരെ സമീപിച്ചിട്ടും ആരും കുടുംബത്തെ സഹായിച്ചില്ല. പൊലീസിന്‍െറ എയ്ഡ് പോസ്റ്റ് കൗണ്ടര്‍ അടഞ്ഞുകിടക്കുകയായിരുന്നു. ട്രെയിനില്‍ വന്നിറങ്ങിയ മറ്റ് പല യാത്രക്കാര്‍ക്കും ഇതേ അനുഭവമുണ്ടായതായി പറയുന്നു. ദൂരസ്ഥലങ്ങളില്‍ പോകേണ്ട ഇതര സംസ്ഥാനക്കാരുടെ ഓട്ടം മാത്രമേ ഇവര്‍ എടുക്കാറുള്ളൂ. പണം കൊടുത്തിട്ട് ഓടാന്‍ വിളിക്കുന്നവര്‍ ഓട്ടോക്കാരുടെ ഒൗദാര്യവും കാത്ത് നടുറോഡില്‍ നില്‍ക്കേണ്ടിവരുന്നു. കൂടാതെ, രാത്രി അമിതനിരക്ക് ഈടാക്കുന്നതും പതിവാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ പ്രധാന ഇരകള്‍. രാത്രികാലങ്ങളില്‍ കൂടിയ കൂലിയാണ് ഇവരില്‍നിന്ന് ഈടാക്കുന്നത്. ഇത്തരം ആക്ഷേപങ്ങളും പരാതികളും വര്‍ധിച്ചതോടെയാണ് പൊലീസ് എയ്ഡ് പോസ്റ്റ് കൗണ്ടര്‍ സംവിധാനം ആരംഭിച്ചത്. ഇത് യാത്രക്കാര്‍ക്ക് അനുഗ്രഹമാകുകയായിരുന്നു. എന്നാല്‍, പിന്നീട് ഈ കൗണ്ടര്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയായി. ഇതോടെയാണ് സ്റ്റാന്‍ഡില്‍ വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഓട്ടോസ്റ്റാന്‍ഡില്‍ ടേണ്‍ കാത്ത് കിടക്കുന്ന ഓട്ടോയില്‍ യാത്രക്കാര്‍ വരുന്നതിനനുസരിച്ച് ഓട്ടം പോകാന്‍ ബാധ്യസ്ഥരാണ്. അതിന് തയാറാകാത്തവരുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.