പൊലീസില്‍ ജോലി വാഗ്ദാനം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കായംകുളം: പൊലീസ് സേനയിലെ ജോലി വാഗ്ദാന തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം സെക്രട്ടറിയായ തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ നൈസിലാണ് (37) അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ ശരണ്യയുമായി ചേര്‍ന്ന് പൊലീസ് സേനയില്‍ ജോലി വാഗ്ദാനം നല്‍കി രണ്ടുപേരില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപ വാങ്ങിയെന്ന കേസിലാണ് നടപടി. 2013ലായിരുന്നു ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയത്. അയല്‍വാസികള്‍ എന്നനിലയില്‍ ശരണ്യയും നൈസിലും തമ്മില്‍ കുട്ടിക്കാലം മുതലേ അടുപ്പമുണ്ടായിരുന്നു. ഈ പരിചയത്തിലാണ് ഭര്‍ത്താവിന്‍െറ വീട്ടുകാരുമായുണ്ടായ കേസില്‍ ശരണ്യക്ക് സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍നിന്ന് കത്ത് വാങ്ങിനല്‍കിയത്. ജോലി തട്ടിപ്പുകേസില്‍ ശരണ്യ കുഴപ്പക്കാരിയെന്ന് കണ്ടതോടെ അടുപ്പം ഉപേക്ഷിച്ചതായി നൈസില്‍ മൊഴിനല്‍കിയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. 2013നു ശേഷം നൈസില്‍ ശരണ്യയെ ബന്ധപ്പെട്ടതായ തെളിവുകള്‍ കണ്ടത്തൊനുമായില്ല. നൈസിലിന്‍െറ മൊബൈല്‍ വിശദാംശങ്ങള്‍ പൂര്‍ണമായി പരിശോധിച്ചിരുന്നു. നൈസിലിന്‍െറ പാനൂരിലുള്ള സ്ഥാപനങ്ങളിലും കടകളിലും ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. കസ്റ്റഡിയിലുള്ള ശരണ്യയില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്തിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇവരില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ് അടക്കമുള്ളവ സൈബര്‍ യൂനിറ്റ് വിശദമായി പരിശോധിക്കുകയാണ്. എസ്.ഐ സന്ദീപ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചതിനാല്‍ ഇദ്ദേഹത്തെ ബന്ധപ്പെട്ടുള്ള അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ശരണ്യ നടത്തിയത്. ഇതില്‍ 20 ലക്ഷത്തോളം രൂപ വിവിധ ഒത്തുതീര്‍പ്പിനായി വിനിയോഗിച്ചു. മൂന്ന് കാറുകള്‍ സ്വന്തമാക്കി. ബാക്കിയുള്ള തുക ആഡംബര ജീവിതത്തിനായും വിനിയോഗിച്ചു. കേസുമായി ബന്ധപ്പെട്ട് ശരണ്യയുടെ മാതാവ് അജിത, സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കേസിന് കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അഞ്ചുപേരെ വീതമാണ് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലീസ് കുറ്റമുക്തരാക്കിയിരുന്ന നൈസില്‍, സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ്, മിമിക്രി കലാകാരന്‍ കലാഭവന്‍ സുധി, ശരണ്യയുടെ സഹോദരന്‍ ശരത്, ഭര്‍ത്താവ് പ്രദീപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശരണ്യ, പിതാവ് സുരേന്ദ്രന്‍, മാതാവ് അജിത, ബന്ധു ശംഭു, സഹായി രാജേഷ് എന്നിവരെ ലോക്കല്‍ പൊലീസും അറസ്റ്റ് ചെയ്തു. ഒരു ഫയല്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലാണ് 10 പേര്‍ പ്രതികളായി ഉള്‍പ്പെട്ടിട്ടുള്ളത്. മറ്റ് ഫയലുകള്‍ കൂടി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ പേര്‍ കേസില്‍ പങ്കാളികളായോയെന്ന് മനസ്സിലാക്കാന്‍ കഴിയൂവെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.