ഇതാ പരിസ്​ഥിതിസൗഹാർദ ഗ്രോ ബാഗുകൾ

ചെറുവത്തൂര്‍: പാളയും ചാണകവും മതി, ഭൂമി മലിനമാകാത്ത ഒന്നാംതരം ഗ്രോ ബാഗുകള്‍ നിര്‍മിക്കാന്‍. കണ്ടുപിടിത്തം കൊട ക്കാട് പൊള്ളപ്പൊയിലിലെ എം. പത്മാവതിയുടേതാണ്. പച്ചക്കറികളും വൃക്ഷത്തൈകളും വളര്‍ത്തുന്നതിന് പ്ലാസ്റ്റിക് കൂടകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഓരോ തൈ നടുമ്പോഴും ഓരോ പ്ലാസ്റ്റിക് കവറും ഭൂമിയെ മലിനമാക്കുന്നു. ഇതിനൊരു പരിഹാരമെന്തെന്ന ആലോചനയില്‍നിന്നാണ് പാളകൊണ്ട് ഗ്രോ ബാഗ് എന്ന ആശയത്തിലേക്കെത്തുന്നത്. വ്യവസായികാടിസ്ഥാനത്തില്‍ പ്രദേശത്തെ സ്ത്രീകളുടെ കൂട്ടായ്മയില്‍ ഗ്രോ ബാഗുകള്‍ നിര്‍മിച്ചുതുടങ്ങിയിരിക്കുകയാണിവര്‍. കമുകിന്‍പാള ഉപയോഗിച്ച് ആദ്യം കൂടകള്‍ മെടഞ്ഞെടുക്കും. ചാണകം, ഉമി, വൈക്കോല്‍പൊടി, ജൈവവളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമുപയോഗിച്ചാണ് കൂടകള്‍ ബലപ്പെടുത്തുന്നത്. തൈകള്‍ നടാന്‍ പ്രായമായാല്‍ കൂടയോടെത്തന്നെ മണ്ണിലേക്ക് നടാം. കൂടയിലെ ചാണകവും ജൈവവളവുമെല്ലാം തൈകളുടെ വളർച്ചക്കും സഹായകമാകുന്നു. ആദ്യം തെങ്ങിന്‍പാന്തം, വൈക്കോല്‍, വാഴപ്പോള എന്നിവ ഉപയോഗിച്ച് കൂടകള്‍ തയാറാക്കിയെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് പാളകൊണ്ടുള്ള ഗ്രോ ബാഗ് എന്ന ആശയത്തിേലക്കെത്തിയത്. അയല്‍വാസിയായ കെ.കെ. ശ്യാമള കൂട മെടഞ്ഞുനല്‍കി. 25 രൂപക്ക് ഒരു കൂട നല്‍കാൻ കഴിയുമെന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്. പാളകള്‍ ലഭ്യമായാല്‍ ഇതിലും കുറഞ്ഞനിരക്കില്‍ നല്‍കാന്‍ കഴിയും. മണിപ്പൂരില്‍നിന്നുമുള്ള സംഘം ജൈവ ഗ്രോ ബാഗുകളെക്കുറിച്ച് പഠിക്കാന്‍ അടുത്തയാഴ്ച പൊള്ളപ്പൊയിലിലെത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.