സുബൈദ കൊലപാതകം; കസ്​റ്റഡിയിൽനിന്ന്​ രക്ഷ​പ്പെട്ട പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്​

കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ മുഖ്യപ്രതി രക്ഷപ്പെട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നു. സുള്ള്യ അജ്ജാവരയിലെ അസീസാണ് കര്‍ണാടകയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുള്ള്യ കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. അസീസിനെ പിടികൂടാന്‍ സുള്ള്യ പൊലീസും കാസര്‍കോട്ടെ പ്രത്യേക പൊലീസ് സംഘവും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അസീസിനെ കണ്ടെത്തുന്നതിന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 14ന് ഉച്ചയോടെയാണ് അസീസ് പൊലീസ് പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. സുബൈദ വധക്കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുകയായിരുന്നു അസീസ്. ഇതിനിടെയാണ് ബി.എസ്.എൻ.എല്‍ ഓഫിസില്‍ നടത്തിയ കവര്‍ച്ചക്കേസില്‍ സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ അസീസിനെ കൊണ്ടുപോയത്. രണ്ട് പൊലീസുദ്യോഗസ്ഥരോടൊപ്പമായിരുന്നു യാത്ര. കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ സുള്ള്യ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് അസീസ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനുവരി 17നാണ് പെരിയബസാര്‍ ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ചു താമസിക്കുന്ന സുബൈദയെ അസീസും സംഘവും ചേര്‍ന്ന് പട്ടാപ്പകല്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ച കഴിഞ്ഞാണ് പിടികൂടാനായത്. പ്രതിക്കായി കർണാടകയിലും അതിർത്തിമേഖലകളിലും പരിശോധന ശക്തമാക്കാനാണ് പൊലീസ് നീക്കം. കർണാടക പൊലീസി​െൻറ സഹായവും തേടിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.