ജില്ലയിൽ ഡെങ്കിയും വ്യാപകമാകുന്നു; മൂന്നുപേർക്ക് രോഗം

സ്വകാര്യ ആശുപത്രികളില്‍ ഇതിലും ഇരട്ടിയിലേറെ പേര്‍ ഡെങ്കി ബാധിച്ച് ചികിത്സയിലുള്ളതായി വിവരമുണ്ട് കാസര്‍കോട്: ജനങ്ങള്‍ കോവിഡ് ഭീതിയില്‍ കഴിയുന്നതിനിടെ ജില്ലയില്‍ ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പുത്തിഗെ, കുമ്പള, ബദിയടുക്ക പഞ്ചായത്ത് പരിധിയിലുള്ളവരാണിവര്‍. അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഇതിലും ഇരട്ടിയിലേറെ പേര്‍ ഡെങ്കി ബാധിച്ച് ചികിത്സയിലുള്ളതായി വിവരമുണ്ട്. കാസര്‍കോട് നഗരസഭ പരിധിയിലെ കോളനിയില്‍ താമസിക്കുന്ന ഒരാള്‍ ഡെങ്കി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദൂര്‍, മുള്ളേരിയ, മഞ്ഞംപാറ, കര്‍മംതൊടി, മിഞ്ചിപ്പദവ്, ബദിയടുക്ക എന്നിവിടങ്ങളിലും ഡെങ്കി വ്യാപകമാണെന്ന് വിവരമുണ്ട്. മുള്ളേരിയ ഭാഗത്ത് നിന്ന് 30 പേരും ബദിയടുക്ക ഭാഗത്ത് നിന്ന് 25 ലേറെ പേരും ചികിത്സയിലാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലും ഡെങ്കി വ്യാപകമാവുകയാണ്. ഇതിനകം പതിനഞ്ചിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പുല്ലൂര്‍, മധുരമ്പാടി, കേളോത്ത്, എടമുണ്ട തുടങ്ങിയ സ്ഥലങ്ങളിലും പെരിയയിലുമാണ് ഡെങ്കി പടരുന്നത്. ജില്ല ആശുപത്രി, മാവുങ്കാലിലെ സ്വകാര്യ ആശുപത്രി, പെരിയ പി.എച്ച്.സി എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്. മഴ തുടങ്ങിയതോടെ ജില്ലയില്‍ പരക്കെ ഡെങ്കി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.