തലപ്പാടി ചെക്പോസ്​റ്റിൽ അധ്യാപകർക്ക് ഇനി കോവിഡ് ഡ്യൂട്ടിയില്ല

ചെറുവത്തൂർ: തലപ്പാടി ചെക്പോസ്റ്റിൽ അധ്യാപകർക്ക് ഇനി കോവിഡ് ഡ്യൂട്ടിയില്ല. അധ്യാപകരെ കോവിഡുമായി ബന്ധപ്പെട്ട ചുമതലയിൽനിന്ന് ഒഴിവാക്കി ജില്ല കലക്ടർ ഉത്തരവിറക്കി. വെള്ളിയാഴ്ച മുതൽ അധ്യാപകർക്ക് ഇവിടെ ചുമതലയില്ല. ജില്ലയിൽ അവശ്യസർവിസിൽപെടാത്ത വകുപ്പുകളിലെ ജീവനക്കാരെയാണ് ഇനി ചുമതലയിൽ നിയമിക്കുക. പരമാവധി മഞ്ചേശ്വരം താലൂക്കിൽനിന്നുള്ള ജീവനക്കാരെയാണ് നിയമിക്കുക. ഇതുവരെ ഉണ്ടായിരുന്ന മൂന്നു ഷിഫ്റ്റ് ജോലി രണ്ടാക്കി കുറച്ചു. അതിനാൽ ഇനി ഡ്യൂട്ടിയിലുള്ളവർക്ക് 12 മണിക്കൂർ സേവനം ചെയ്യണം. കോവിഡ് -19ൻെറ ഭാഗമായാണ് കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ സജ്ജീകരിച്ച ഹെൽപ് െഡസ്ക്കിൽ അധ്യാപകർ സേവനം ചെയ്തുവന്നത്. കഴിഞ്ഞ മൂന്നു മാസമായി ജില്ലയിലെ ഏഴു ഉപജില്ലകളിൽനിന്നുമുള്ള അധ്യാപകരാണ് സേവനം ചെയ്തുവന്നത്. തുടക്കത്തിൽ 30 ഓളം കൗണ്ടറുകൾ പ്രവർത്തിച്ചിരുന്ന ഇവിടെ നിലവിൽ 10 കൗണ്ടറുകളേയുള്ളൂ. അന്തർ സംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന വാഹനങ്ങൾ, യാത്രക്കാർ എന്നിവരെ ചെക്ക് ചെയ്ത് ക്വാറൻറീനിലേക്ക് വിടുക എന്നതായിരുന്നു ചുമതല. പകൽ അധ്യാപികമാർക്കും രാത്രി രണ്ട് ഷിഫ്റ്റുകളിൽ അധ്യാപകന്മാർക്കുമായിരുന്നു ചുമതല. കെ.എസ്.ആർ.ടി.സി ബസുകളിലാണ് അധ്യാപകരെ തലപ്പാടിയിലേക്കും തിരിച്ചും എത്തിച്ചത്. വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സജീവമായ സാഹചര്യം പരിഗണിച്ചാണ് അധ്യാപകരെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.