പേരോൽ തിരിക്കുന്ന് കുന്നിടിച്ച് മണ്ണ് കടത്തുന്നത് നാട്ടുകാർ തടഞ്ഞു

നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിലെ പേരോൽ തിരിക്കുന്ന് പ്രദേശത്തെ കുന്നിടിച്ച് അനധികൃതമായി മണ്ണ് കടത്തുന്നത് നാട്ടുകാർ തടഞ്ഞു. സമീപത്തെ സ്വകാര്യവ്യക്തിയുടെ വീടിന് കുന്നിടിഞ്ഞ് അപകടമുണ്ടാകുമെന്ന പരാതിയിൽ ലഭിച്ച ജിയോളജി പാസിൻെറ മറവിലാണ് കുന്നിടിച്ച് മണ്ണ് കടത്താൻ ശ്രമിച്ചത്. മണ്ണിടിച്ച് കടത്തി ആഭാഗം പറമ്പാക്കി മാറ്റാനുള്ള ശ്രമം ഇതിൻെറ പിന്നിലുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീട്ടുടമസ്ഥനും സ്വകാര്യ വ്യക്തിയും തമ്മിലുള്ള ഒത്തുകളിയിലാണ് മണ്ണ് കടത്തുന്നതെന്നും നാട്ടുകാർ പറയുന്നു. 180 ലോഡ് മണ്ണെടുക്കാനാണ് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, ഇങ്ങനെ അനുമതി നൽകുമ്പോൾ മണ്ണെടുക്കുന്ന പ്രദേശം സന്ദർശിക്കുകയോ പരിസരവാസികളുടെ അഭിപ്രായം ചോദിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു. തിരിക്കുന്ന് പ്രദേശത്ത് 200 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കിഴക്ക് വട്ടപ്പൊയിൽ ഭാഗത്ത് മുമ്പ് കുന്നിടിച്ച് മണ്ണെടുത്ത ഭാഗങ്ങളിലുള്ള വീടുകൾ ഏത് നിമിഷവും വീഴാൻ പാകത്തിൽ നിൽക്കുകയാണ്. 10 വർഷം മുമ്പാണ് തിരിക്കുന്നിൻെറ നാലുഭാഗത്തുനിന്നും കുന്നിടിച്ച് മണ്ണ് കടത്തുന്നത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് നിർത്തിയത്. മാർച്ച്, ഏപ്രിൽ, മേയ് മാസത്തോടെയാണ് ഈ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നത്. കുഞ്ഞിപ്പുളിക്കാലിൽനിന്നുള്ള കുടിവെള്ളമാണ് നിലവിൽ ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം. നീലേശ്വരം നഗരസഭയും കുടിവെള്ളമെത്തിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്താണ് ഇപ്പോൾ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. photo: IMG-20200531-WA0019.jpg പടം: പേരോൽ തിരിക്കുന്ന് പ്രദേശത്തെ കുന്നിടിച്ച് മണ്ണ് കടത്താനുള്ള ശ്രമം നാട്ടുകാർ തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.