രൂപശ്രീ വധക്കേസ്:​ വിചാരണ അടുത്തമാസം മുതല്‍

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കൻഡറി സ്‌കൂൾ അധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തിയ കേസിൻെറ വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ വെങ്കിട്ടരമണ കരന്തര (40) കേസിലെ ഒന്നാം പ്രതിയും സുഹൃത്ത് നിരഞ്ജന്‍ (22) രണ്ടാം പ്രതിയുമാണ്. ഇരുവര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ നടപടികള്‍ ജൂണ്‍ ആറിന് ജില്ല കോടതിയില്‍ ആരംഭിക്കും. ലോക്ഡൗണ്‍ അവസാനിക്കുകയും കോടതിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവുകയും ചെയ്താല്‍ അന്നേദിവസം പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ രണ്ടു പ്രതികളും ജാമ്യം കിട്ടാതെ ഇപ്പോഴും റിമാൻഡില്‍ തന്നെയാണ്. 2020 ജനുവരി 18ന് കുമ്പള പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. രൂപശ്രീ ജനുവരി 16ന് രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും തിരിച്ചുവന്നില്ല. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രൂപശ്രീയുടെ മൃതദേഹം നഗ്‌നമായ നിലയിൽ കടപ്പുറത്ത് കണ്ടെത്തിയത്. രൂപശ്രീ അബദ്ധത്തില്‍ കടലില്‍വീണ് മരിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍, രൂപശ്രീയുടെ ഭര്‍ത്താവും ബന്ധുക്കളും അടക്കമുള്ളവര്‍ കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുകയും ഉന്നതതലത്തില്‍ പരാതി നല്‍കുകയും ചെയ്തതോടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു. വെങ്കിട്ടരമണയുടെ വീട്ടിലെ കുളിമുറിയില്‍ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വെങ്കിട്ടരമണ, നിരഞ്ജൻെറ സഹായത്തോടെ രൂപശ്രീയുടെ മൃതദേഹം കാറില്‍ കടത്തിക്കൊണ്ടുപോയി കടലില്‍ തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.