അത്യാസന്ന നിലയിലായ കുഞ്ഞിനെ നാലുമണിക്കൂർകൊണ്ട്​ കാസർകോട്ടുനിന്ന്​ കൊച്ചിയിലെത്തിച്ചു

കാസർകോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച് രണ്ടു കുഞ്ഞുങ്ങൾ നഷ്ടെപ്പട്ട ദമ്പതികളുടെ, അതേരോഗം ബാധിച്ച് അത്യാസന്ന നിലയിലായ കുഞ്ഞിനെ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ നാലുമണിക്കൂറിനകം കൊച്ചിയിലെത്തിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മിഷന്‍ വഴിയാണ് ചികിത്സ ഒരുക്കിയത്. 23ന് രാത്രിയാണ് കണ്ണൂര്‍ പരിയാരത്തുനിന്നും എറണാകുളം അമൃത ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തൃശൂരിൽ ഒരുസ്ഥലത്ത് പത്ത് മിനിറ്റ് ആംബുലന്‍സ് നിര്‍ത്തിയിരുന്നു. കാസർകോട് ജില്ലയിലെ ബളാല്‍ സ്വദേശി രാജേഷ് - രമാദേവി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് അപൂര്‍വ ജനിതക രോഗം ബാധിച്ച് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അത്യാസന്ന നിലയിലായ കുട്ടിയെ അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ്, സി.പി.ടി കുവൈത്ത് കോഒാഡിനേറ്റര്‍ ഷാഫി കോഴിക്കോട് മുഖാന്തരം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ശാന്തകുമാറിനെ ബന്ധപ്പെടുകയും സംസ്ഥാന ഭാരവാഹികളുമായി ആലോചിച്ച് ദൗത്യം നിറവേറ്റുകയുമായിരുന്നു. പെരുന്നാൾ തലേന്നുള്ള തിരക്ക് പ്രശ്നമാകുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും സുമനസ്സുകളുടെയും സമൂഹ മാധ്യമങ്ങളുടെയും സഹായത്താല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. കോഴിക്കോട് മുതല്‍ തൃശൂര്‍ വരെ പൊലീസ് എസ്‌കോര്‍ട്ട് ലഭിച്ചത് യാത്ര സുഗമമാക്കി. ആംബുലന്‍സ് ഓടിക്കാനുള്ള ദൗത്യം അജ്മല്‍ കൊന്നക്കാട്, സഹഡ്രൈവര്‍ സിറാജ് എന്നിവര്‍ ഏറ്റെടുത്തു. കുട്ടിയെ അനുഗമിച്ച് രക്ഷിതാക്കള്‍ക്ക് പുറമേ മുന്‍ പരിയാരം സ്റ്റാഫ്‌ നഴ്‌സും സി.പി.ടി യു.എ.ഇ കമ്മിറ്റി ട്രഷററുമായ രാഹുല്‍ രാമകൃഷ്ണന്‍, സി.പി.ടി കാസർകോട് ജില്ല എക്‌സിക്യൂട്ടിവ് അംഗം ശില്‍പരാജ് ചെറുവത്തൂര്‍ എന്നിവരും ഉണ്ടായിരുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് വന്ന യാത്രാതടസ്സങ്ങള്‍ ആരോഗ്യ മന്ത്രിയുടെ ഓഫിസ് മുഖാന്തരം പരിഹരിച്ചു. പ്രതീക്ഷിച്ചതിലും നേരത്തേ 7.15ന് ആംബുലന്‍സ്, കുട്ടിയെ അമൃത ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.