കാട്ടാനശല്യം; അന്നംമുട്ടി 14,500 കർഷകർ

കാറഡുക്ക: കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ മലയോര കാർഷിക മേഖലയിലെ ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ 'കാറഡുക്ക, ദേലമ്പാടി, മുളിയാർ പഞ്ചായത്തുകളിൽ മാത്രം 14,260 കർഷകരാണ് കൃഷി നശിച്ചതിനാൽ കടുത്ത ദുരിതത്തിലായത്. കാറഡുക്ക പഞ്ചായത്തിലെ കുളത്തിങ്കാൽ, കൊട്ടംകുഴി, അടുക്കതൊട്ടി, മേഖലയിലെ നൂറുകണക്കിനു കർഷകർക്ക് കൃഷി തുടരാൻ പറ്റാത്ത അവസ്ഥയിലാണ്. ജീവനും സ്വത്തിനും ഭീഷണിയായി ഇരുപതോളം കാട്ടാനകളാണ് ഈ മേഖലയിൽ ൈസ്വര വിഹാരം നടത്തുന്നത്. മലയോര കർഷകരിൽ 85 ശതമാനത്തിലധികവും 50 വയസ്സ് കഴിഞ്ഞവരാണ്. ജീവിതം മുഴുവൻ കൃഷിക്കായി മാറ്റിവച്ചവർ. ഒറ്റ വിളയെ മാത്രം ആശ്രയിക്കുന്നവരല്ല ഇവിടങ്ങളിലെ കർഷകർ. കമുക്, റബർ, തെങ്ങ്, കുരുമുളക്, വാഴ തുടങ്ങിയവ ഇവർ കൃഷി ചെയ്യുന്നുണ്ട്. കാറഡുക്ക മുളിയാർ, ദേലംപാടി പഞ്ചായത്തുകളിലായി 10,618 ഹെക്ടർ കൃഷിഭൂമിയാണുള്ളത്. ഇതിനെ ആശ്രയിച്ച് ജീവിക്കുന്നത് 14,260 കുടുംബങ്ങളാണ്. കാറഡുക്കയിൽ മാത്രം 3582 ഹെക്ടർ കൃഷിയുണ്ട്. ഇതിൽ 1800 ഹെക്ടർ കമുക് കൃഷിയാണ്. ഇതിൽ നല്ലൊരു ഭാഗം കാട്ടാനകൾ നശിപ്പിച്ചു കഴിഞ്ഞു. 780 ഹെക്ടർ തെങ്ങും 230 ഹെക്ടർ വാഴ കൃഷിയും നാശത്തിൻെറ വക്കിലാണ്. മലയോരത്ത് അടക്ക കർഷകരാണ് കൂടുതൽ. കാട്ടാനകൾ മാത്രമല്ല, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മയിൽ, മാൻ, മുയൽ തുടങ്ങിയവയുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കാട്ടുമൃഗങ്ങൾക്കു വേണ്ട ഭക്ഷണം തികയാതെ വരുമ്പോഴാണ് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. കർണാടകയിലെ പുഷ്പഗിരി വന്യജീവി സംരക്ഷണ കേന്ദ്രത്തോട് ചേർന്നുള്ള ആലട്ടി, മണ്ടക്കോൽ, വനഭാഗങ്ങളിൽനിന്നാണ് ദേലമ്പാടിയിലേക്ക് കാട്ടാനയെത്തുന്നത്. പയസ്വിനി പുഴയിലെ കുടിവെള്ളമാണ് വേനൽകാലത്ത് മൃഗങ്ങൾക്ക് ആശ്രയം. നിലവിൽ കാറക്ക കുളത്തിങ്കാലിൽ ഒരു കുട്ടിയാന ഉൾപ്പെടെ ആനക്കൂട്ടമാണ് കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിൽ മാത്രം നൂറുകണക്കിന് വാഴകൾ ആനക്കൂട്ടം നശിപ്പിച്ചു. ആയിരക്കണക്കിന് കർഷകരുടെ ജീവിതോപാധി നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. വാരിജാക്ഷൻ രാജ് മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.