പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനം 28ന് തന്നെ ആരംഭിക്കും –എം.പി

കാസര്‍കോട്: ജില്ലയില്‍ അനുവദിച്ച പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം കാസര്‍കോട് മുഖ്യതപാല്‍ ഓഫിസ് കെട്ടിടത്തില്‍ 28നു തുടങ്ങുമെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു. ഹെഡ്പോസ്റ്റ് ഓഫിസിലെ നിര്‍ദിഷ്ട പാസ്പോര്‍ട്ട് സേവാകേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. അസൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ടെങ്കിലും നിശ്ചിത തീയതിക്കുള്ളില്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് അധികൃതര്‍ നടത്തുന്നത്. താല്‍ക്കാലികമായാണ് തുടങ്ങുന്നതെങ്കിലും പിന്നീട് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. കെട്ടിടത്തിന്‍െറ നവീകരണപ്രവൃത്തിക്കായി എം.പി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിക്കുമെന്നും എം.പി അറിയിച്ചു. മുഖ്യ തപാല്‍ ഓഫിസിലെ അസി. സൂപ്രണ്ടിന്‍െറ ഓഫിസ് മുറിയാണ് സേവാകേന്ദ്രത്തിനായി അനുവദിച്ചത്. ഇവിടത്തെ അറ്റകുറ്റപ്പണികള്‍ നാളെ മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് പോസ്റ്റ് ഓഫിസില്‍നിന്ന് ഒരു വനിത ഉള്‍പ്പെടെ നാലു ജീവനക്കാരെ സേവാകേന്ദ്രത്തിലേക്ക് നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസില്‍ നടക്കും. മുഖ്യ തപാല്‍ ഓഫിസിനും ധനന്ത്വരി കെട്ടിടത്തിനും ഇടയിലുള്ള പോസ്റ്റ്മാസ്റ്ററുടെ ക്വാര്‍ട്ടേഴ്സ് നവീകരിച്ച് സേവാകേന്ദ്രത്തിനു സ്ഥിരം സംവിധാനം ഒരുക്കണമെന്നയാവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ കെട്ടിടത്തിന്‍െറ നവീകരണത്തിനാണ് 10 ലക്ഷം രൂപ അനുവദിക്കാമെന്ന് എം.പി അറിയിച്ചത്. അനുയോജ്യമാണെങ്കില്‍ വിദ്യാനഗര്‍ ജില്ല ആസൂത്രണസമിതി ഓഫിസ് കെട്ടിടത്തില്‍ സേവാകേന്ദ്രത്തിനായി സൗകര്യം ഏര്‍പ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നീണ്ട മുറവിളിക്കുശേഷമാണ് കാസര്‍കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചത്. സേവാകേന്ദ്രത്തില്‍ ആറു കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് പാസ്പോര്‍ട്ട് ഓഫിസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 12 ജീവനക്കാര്‍ക്കു പുറമെ അപേക്ഷകര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ശുചിമുറികളും കെട്ടിടത്തില്‍ ഒരുക്കണം. സേവാകേന്ദ്രത്തില്‍ ആറ് കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടിവുകള്‍, ഒരു ടീം ലീഡര്‍, സ്ഥാപനത്തിന്‍െറ നിയന്ത്രണ ചുമതലയുള്ള ടാറ്റാ കണ്‍സല്‍ട്ടിങ് ഏജന്‍സിയില്‍നിന്നുള്ള റെസിഡന്‍റ് എന്‍ജീനിയര്‍, രണ്ട് അപേക്ഷാ പരിശോധകര്‍, പാസ്പോര്‍ട്ട് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് ഓഫിസര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കണമെന്നാണ് ചീഫ് പാസ്പോര്‍ട്ട് ഓഫിസറുടെ നിര്‍ദേശത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.