പൊലീസ് ഇടപെട്ടിട്ടും അഴിമുഖത്ത് മണലെടുപ്പ് തുടരുന്നു

തൃക്കരിപ്പൂര്‍: പൊലിസ് ഇടപെടല്‍ ഉണ്ടായിട്ടും വലിയപറമ്പ പഞ്ചായത്തിലെ മാവിലാ കടപ്പുറത്ത് മണലെടുപ്പ് തുടരുന്നു. അഴിമുഖത്ത് നിന്ന് കരണ്ടിയില്‍ കോരി തോണിയില്‍ നിറച്ച് കൊണ്ടുപോവുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് തൊഴിലാളികളെ പിന്തിരിപ്പിച്ചിരുന്നു. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണല്‍ നീക്കം ചെയ്യുന്നത് വലിയപറമ്പ ദ്വീപിന്‍െറ തന്നെ നിലനില്‍പിനെ ചോദ്യം ചെയ്യുന്നതാണ്. പുലിമുട്ട് നിര്‍മിച്ച ശേഷം മാവിലാ കടപ്പുറം മുനമ്പില്‍ നിന്നാണ് വന്‍തിരമാലകളില്‍ മണല്‍ നീങ്ങുന്നത്. അഴിമുഖത്ത് മണലെടുത്ത കുഴികള്‍ രൂപപ്പെടുന്നതിനനുസരിച്ച് വീണ്ടും കര കവര്‍ന്ന് കടല്‍ മണല്‍ നിക്ഷേപിക്കും. മണലെടുക്കുന്നില്ളെങ്കില്‍ സ്വാഭാവികമായും തീരത്തെ മണ്ണൊലിപ്പ് തടയപ്പെടുകയും ചെയ്യും. 30ഓളം തൊഴിലാളികളാണ് ഓരോ ദിനവും മാവിലാ കടപ്പുറത്തുനിന്ന് തോണികളില്‍ മണല്‍ കടത്തുന്നത്. അനുമതിയൊന്നും ഇല്ലാതെയാണ് ഇവരുടെ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ചന്തേര പൊലീസിനെ തടഞ്ഞ് മണലെടുപ്പ് തൊഴിലാളികളെ നീക്കം ചെയ്യിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഒരിക്കടവ് പാലം പരിസരത്തുനിന്ന് തോണികളില്‍ മണല്‍ കോരുകയായിരുന്ന മൂന്നു തോണികളിലെ തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്‍റ് തിരിച്ചയച്ചു. സൈറ്റിലേക്ക് ബോട്ടില്‍ ചെന്ന് തൊഴിലാളികളെ താക്കീത് ചെയ്ത് വിടുകയായിരുന്നു. മണലെടുപ്പ് ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.