മരണസൂചി 135ല്‍

കാസര്‍കോട്: നിലംതൊടാതെ കുതിച്ചുവന്ന കാര്‍ റോഡില്‍ നിന്ന് പറന്നുനീങ്ങി ആല്‍മരത്തിലിടിച്ചു. അതേവേഗതയില്‍ തലകീഴായി പത്തടിയോളം മുകളിലേക്കുയര്‍ന്ന് മരക്കൊമ്പില്‍ തട്ടി താഴേക്ക് വീണു. പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ട് യാത്രക്കാരുണ്ടായിരുന്ന വാഹനം അപ്പോഴേക്കും തകര്‍ന്നിരുന്നു. കാറില്‍നിന്ന് തെറിച്ചുവീണ സ്പീഡോ മീറ്ററിലെ സൂചി 135 എന്ന അക്കത്തിന് മേല്‍ മരിച്ച് കിടക്കുകയായിരുന്നു. കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാതയിലെ പള്ളിക്കരയില്‍ തിങ്കളാഴ്ച ആറ് ജീവന്‍ പൊലിഞ്ഞ കാറപകടം നേരില്‍ കണ്ടവര്‍ നല്‍കുന്ന ദൃശ്യവിവരണമിതാണ്. ‘എതിരെ നിന്ന് വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. കാര്‍ പറന്നു വന്ന് മരത്തിലിടിച്ച് പൊങ്ങി തിരിച്ച് വീഴുന്നതാണ് കണ്ടത്’ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ പള്ളിക്കരയിലെ അബ്ദുല്‍ മനാഫ് പറഞ്ഞു. റോഡില്‍നിന്ന് കാര്‍ തെന്നിയകന്ന ഭാഗംമുതല്‍ ഇടിച്ചു തകര്‍ന്ന ആല്‍മരം വരെ 20 അടിയോളം അകലത്തില്‍ ടയര്‍ പതിഞ്ഞ പാടുപോലുമില്ല. ഇടിയേറ്റ ആല്‍മരത്തടിയുടെ ഭാഗം ചിതറിയിട്ടുണ്ട്. പത്തടിയോളം ഉയരത്തിലുള്ള മരക്കൊമ്പ് ചീന്തിയ നിലയിലാണ്. പള്ളിക്കര വില്ളേജ് ഓഫിസിനും ഹോളി സ്പിരിറ്റ് ചര്‍ച്ചിനും മുന്‍ഭാഗത്ത് റോഡില്‍ നിന്ന് ഒരു മീറ്ററോളം താഴ്ചയിലാണ് ആല്‍മരം. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി വരുകയായിരുന്ന യാത്രക്കാര്‍ക്ക് മുന്നിലായിരുന്നു ദുരന്തകാഴ്ച. ഓടിയത്തെിയ നാട്ടുകാരാണ് കാറോടിച്ച സജീര്‍ ഒഴികെയുള്ള പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്സിനും പൊലീസിനും ഒരുമണിക്കൂറോളം പണിപ്പെടേണ്ടിവന്നു സജീറിന്‍െറ ശരീരം പുറത്തെടുക്കാന്‍. ഇതിന് കാറിന്‍െറ മുന്‍ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് നീക്കേണ്ടിവന്നു. അപകടമുണ്ടായ സ്ഥലം കാണാന്‍ ചൊവ്വാഴ്ചയും പള്ളിക്കരയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ദുരന്തസാക്ഷിയായ ആല്‍മരച്ചുവട്ടില്‍ ബാക്കിയായ പിഞ്ചു കുഞ്ഞിന്‍െറ ഒരു ജോടി ഷൂസ് കണ്ടുനിന്ന പലരുടെയും കണ്ണു നനയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.