കൊടിയമ്മ കഞ്ചിക്കട്ട നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായില്ല

കുമ്പള: മാറിവരുന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും വികസനകാര്യങ്ങളില്‍ ഗീര്‍വാണം വിടുമ്പോഴും കൊടിയമ്മ ഛത്രംപള്ള മുതല്‍ കഞ്ചിക്കട്ടവരെയുള്ള പ്രദേശത്തെ ജനം അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമില്ല. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ഇതുവഴി ഒരു ബസ് പോലും സര്‍വിസ് നടത്തുന്നില്ല. ഇവിടത്തുകാര്‍ക്ക് കുമ്പള ടൗണിലേക്കോ കളത്തൂര്‍ ഭാഗത്തേക്കോ എത്തണമെങ്കില്‍ വാഹനം വാടകക്ക് വിളിച്ചോ കിലോമീറ്ററുകളോളം നടന്നോ വേണം പോകാന്‍. 25 വര്‍ഷം മുമ്പ് ഈ റൂട്ടിലൂടെ മൂന്നു സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, ബസുകള്‍ ഉടമ മറ്റൊരാള്‍ക്ക് കൈമാറിയതിനുശേഷം അവര്‍ ഈ റൂട്ട് ഉപേക്ഷിച്ചു. കിദൂര്‍ അമ്പലത്തിനടുത്തുനിന്നും ഉളുവാറില്‍നിന്നും ഈവഴി കുമ്പളയിലേക്ക് ബസ് സര്‍വിസ് ഉണ്ടായിരുന്നു. നിലവില്‍ കിദൂരില്‍നിന്നും കളത്തൂരില്‍നിന്നും ബംബ്രാണ മാക്കൂറില്‍നിന്നുമൊക്കെ കുമ്പളയിലേക്ക് സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും എല്ലാം ആരിക്കാടിവഴിയാണ് പോകുന്നത്. കഞ്ചിക്കട്ട പാലത്തിന്‍െറ ബലക്ഷയം കാരണമാണ് ബസ് സര്‍വിസ് നടത്താത്തതെന്ന് സംസാരമുണ്ട്. എന്നാല്‍, ഇങ്ങനെ ഒരു മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടില്ല. പാലം അപകടത്തിലാണെന്ന പ്രചാരണം ശുദ്ധനുണയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൂഴിയും ചെങ്കല്ലും മണ്ണും നിറച്ച ലോറികള്‍ നിരന്തരം ഈ പാലത്തിലൂടെ കടന്നുപോകുന്നുമുണ്ട്. സ്വകാര്യബസുകള്‍ സര്‍വിസ് നടത്താന്‍ തയാറാവാത്ത ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ച് യാത്രാക്ളേശം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.