ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണം-ജില്ലാ വികസന സമിതി

കാസര്‍കോട്: ജില്ലയില്‍ വിവിധ ഓഫിസുകളിലും കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലുമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അസി. എന്‍ജിനീയര്‍മാരുടെയും ഇതര ഉദ്യോഗസ്ഥരുടെയും അഭാവം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തെ ഉള്‍പ്പെടെ ബാധിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുള്ളതിനാല്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ സര്‍വിസ് മുടങ്ങുന്നതായി വ്യാപക പരാതിയുണ്ട്. മറ്റു ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ എണ്ണം കൂടുതലാണ്. അധികമുള്ള ജീവനക്കാരെ കാസര്‍കോട് ഡിപ്പോയിലും കാഞ്ഞങ്ങാട് സബ് ഡിപ്പോയിലും നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പദ്ധതി പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.എസ്.സി കോളനി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് നിര്‍വഹണ ഏജന്‍സി എഫ്.ഐ.ടി മാനേജിങ് ഡയറക്ടറെ ഉള്‍പ്പെടുത്തി എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കുക്കുംകൈ കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. കാഞ്ഞങ്ങാട് കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രി നിര്‍മിക്കുന്നതിന് പഴയ കെട്ടിടം പൊളിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ നിര്‍ദേശിച്ചു. ഇ.എഫ്.എല്‍ നോട്ടിഫൈഡ് പ്രദേശവും റിസര്‍വ് വനം ഉള്‍പ്പെടുന്ന ബളാല്‍ പഞ്ചായത്തിലെ മാലോം പടങ്കല്ലില്‍ ക്വാറിയും ക്രഷറും നിര്‍മിക്കാനുള്ള നീക്കം പരിസ്ഥിതിയെയും വന്യജീവികളെയും ബാധിക്കുമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രാധാന്യവും പട്ടികവര്‍ഗ കോളനികളുടെ സാന്നിധ്യവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്സന്മാരായ കെ.പി. ജയരാജന്‍ (നീലേശ്വരം), വി.വി. രമേശന്‍ (കാഞ്ഞങ്ങാട്), ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), എ.ഡി.എം എച്ച്. ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. പി.കെ. ജയശ്രീ, എന്‍. ദേവിദാസ്, ബി. അബ്ദുന്നാസര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്‍.കെ. അരവിന്ദാക്ഷന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.