വിലക്കയറ്റത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്:പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് കുത്തനെ വിലകൂടിയ സാഹചര്യത്തില്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും ജില്ലയോട് കാണിക്കുന്ന വാഗ്ദാന ലംഘനത്തിലും പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം നടത്തും. ശബരിമല സീസണ്‍ ആരംഭിച്ചതോടെ പച്ചക്കറികള്‍ക്ക് കുത്തനെ വില ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. വിലക്കയറ്റം രൂക്ഷമായതുമൂലം സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്. ജില്ല സന്ദര്‍ശിച്ച് തിരിച്ചുപോകുന്ന മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പൊതുജനങ്ങളെ അപമാനിക്കുകയാണ്. മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി അടക്കം ജില്ലയില്‍ വന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സമര പരിപാടികളുടെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് മൂന്നിന് കാസര്‍കോട് ടൗണില്‍ സായാഹ്ന ധര്‍ണ നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെ നടക്കുന്ന മെംബര്‍ഷിപ് കാമ്പയിന്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ. രാമകൃഷ്ണന്‍, അബ്ദുല്‍ഹമീദ് കക്കണ്ടം, സി.എച്ച്. ബാലകൃഷ്ണന്‍, എം.സി. ഹനീഫ, അബ്ദുല്ലത്തീഫ് കുമ്പള, ഷഫീഖ് നസ്റുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ളായി സ്വാഗതവും പി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.