ഇടത്, മലയോര മേഖലകളില്‍ ബി.ജെ.പി നിലംതൊട്ടില്ല

കാസര്‍കോട്: കന്നട മേഖലയിലുണ്ടാക്കിയ നേട്ടമല്ലാതെ ജില്ലയുടെ തെക്ക്, കിഴക്കന്‍ മേഖലകളില്‍ ബി.ജെ.പി നിലംതൊട്ടില്ളെന്ന് വിലയിരുത്തല്‍. മലയോരത്തും ഇടത് ശക്തികേന്ദ്രങ്ങളിലുമാണ് ബി.ജെ.പിക്ക് ഒന്നും നേടാന്‍ കഴിയാതിരുന്നത്. ബി.ജെ.പിക്ക് ഈ മേഖലകളിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ സഹായം ഉണ്ടായിരുന്നുവെങ്കിലും ഫലവത്തായില്ല. 
കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ചു സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത് പഴയ എണ്ണം തന്നെയാണ്. പനത്തടി പഞ്ചായത്തില്‍ ബി.ജെ.പിക്കുണ്ടായ മൂന്നു സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്ത് ഇവരെ തുരത്തി. ഈ മേഖലകളില്‍ ബി.ജെ.പിക്ക് വോട്ടുകള്‍ കുറഞ്ഞു. കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് പുതിയ നേട്ടങ്ങള്‍ ഒന്നുമില്ല. 
കോടോം ബേളൂരില്‍ പരമ്പരാഗതമായ പൂതങ്ങാനം വാര്‍ഡ് മാത്രമാണ് ലഭിച്ചത്. മടിക്കൈ പഞ്ചായത്തില്‍ ഈഴവ ഭൂരിപക്ഷ മേഖലയെന്ന നിലയില്‍ ബി.ജെ.പി കടന്നുകയറാന്‍ ശ്രമം നടത്തിയിരുന്നു. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെങ്കിലും നേട്ടങ്ങള്‍ ഉണ്ടായില്ല. 
സ്ഥിരമായി  ലഭിച്ചുകൊണ്ടിരിക്കുന്ന വാഴക്കോട് വാര്‍ഡ് മാത്രമാണ് കിട്ടിയത്. 
മടിക്കൈയില്‍ ബി.ജെ.പിയുടെ ഒരു പരീക്ഷണവും വിജയിച്ചില്ല എന്നു മാത്രമല്ല വോട്ടും കിട്ടിയില്ല. കള്ളാറില്‍ ബി.ജെ.പിക്ക് ഒരു സീറ്റുണ്ടായിരുന്നു, അത് നഷ്ടമായി. എസ്.എന്‍.ഡി.പിക്ക് ജില്ലയില്‍ അഞ്ച് യൂനിയനുകളാണുള്ളത്. കാസര്‍കോട് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ല. എന്നാല്‍ ഉദുമ, തൃക്കരിപ്പൂര്‍, വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ്  യൂനിയനുകളാണ് ബി.ജെ.പിയെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. ഇതില്‍ ഏറ്റവും വലിയ പരീക്ഷണം നടന്നത് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലാണ്. 
സി.പി.എമ്മിന്‍െറ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്‍റ് സ്ഥാനാര്‍ഥി എ. വിധുബാലക്കെതിരെയാണ് എസ്.എന്‍.ഡി.പി-ബി.ജെ.പി മത്സരത്തിനിറങ്ങിയത്. എസ്.എന്‍.ഡി.പിയുടെ പതാക നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന പ്രശ്നമാണ് ഇവിടെ  മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. 
എന്നാല്‍, 400ല്‍പരം വോട്ടിന്‍െറ ഭൂരിപക്ഷം വിധുബാലക്ക് ലഭിച്ചു. തൃക്കരിപ്പൂര്‍ യൂനിയനുകീഴില്‍ വൈക്കത്ത് വാര്‍ഡില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തി. അവിടെയും സി.പി.എം പഴയതിനേക്കാളും ഭൂരിപക്ഷം നേടി വാര്‍ഡ് നിലനിര്‍ത്തി. 
ചെറുവത്തൂര്‍ പഞ്ചായത്ത് മുണ്ടക്കണ്ടം വാര്‍ഡില്‍ എസ്.എന്‍.ഡി.പി നേതാവ് വിജയിച്ചു. എന്നാല്‍, ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. ഈ സീറ്റാണ് യു.ഡി.എഫ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തത്. 
ഇത് എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യത്തിന്‍െറ അക്കൗണ്ടില്‍പ്പെടുന്നുമില്ല. ഉദുമയില്‍ എല്‍.ഡി.എഫിന് സീറ്റ് നഷ്ടമായത് യു.ഡി.എഫിന് വോട്ട് മറിച്ചുവിറ്റതുകൊണ്ടാണെന്ന ആക്ഷേപം ബി.ജെ.പി നേരിടുന്നുണ്ട്. പിലിക്കോട്, കയ്യൂര്‍, വലിയപറമ്പ, പടന്ന, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ എവിടെയും ബി.ജെ.പിയെന്ന പാര്‍ട്ടിയെ കാണാന്‍ കിട്ടാതായതും തെരഞ്ഞെടുപ്പ് വിശേഷം തന്നെ. കന്നട മേഖലയിലാണ് ബി.ജെ.പി നേട്ടം കൊയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.