മാടത്തിയില്‍ സ്‌റ്റേഡിയം നിർമിക്കും -പഞ്ചായത്ത്​

ഇരിട്ടി: കായികക്ഷേമ വകുപ്പിൻെറ സഹകരണത്തോടെ പായം പഞ്ചായത്തിൻെറ നേതൃത്വത്തില്‍ മാടത്തിയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ആധുനിക സ്റ്റേഡിയം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മറ്റു ഭാരവാഹികളും വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ജലസേചന വകുപ്പ് വിട്ടുനല്‍കിയ പഴശ്ശി പദ്ധതി വക അഞ്ച് ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ സ്ഥലമെന്ന നിലയില്‍ പഴശ്ശി സ്ഥലം മണ്ണിട്ടു നികത്തി സ്റ്റേഡിയം പണിയുന്നതിനെതിരെ ചില കേന്ദ്രങ്ങള്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചതെന്നും ആശങ്കകള്‍ക്കുള്ള അടിസ്ഥാനമില്ലെന്ന് വിലയിരുത്തിയതായും പഞ്ചായത്ത് പ്രസിഡൻറ് എന്‍. അശോകന്‍ പറഞ്ഞു. പ്രളയത്തില്‍ നാടെങ്ങും വെള്ളത്തില്‍ മുങ്ങിയതിനൊപ്പമാണ് മാടത്തിയിലും സമാനസാഹചര്യം ഉണ്ടായത്. ഇതിനെ സ്റ്റേഡിയം പണിയുമായി കൂട്ടിക്കുഴക്കേണ്ടതില്ല. പഴശ്ശി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ വെള്ളം കയറാത്ത സ്ഥലമെന്ന നിലയില്‍ ജലസേചന വിഭാഗം ഉന്നത അധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് ഭൂമി വിട്ടു നല്‍കിയത്. മേഖലയില്‍ ഇരിട്ടി നഗരസഭ, പായം, ആറളം, അയ്യന്‍കുന്ന്, ഉളിക്കല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കായിക പ്രേമികള്‍ക്ക് ഉപകാരപ്പെടുന്ന നിലയിലാണ് സ്റ്റേഡിയം പണിയുന്നത്. നിലവില്‍ ഉപജില്ലതല കലോത്സവം നടത്താന്‍പോലും ഇരിട്ടി മേഖലയില്‍ സ്ഥലമില്ല. മലയോരത്തു നിന്നുള്ള താരങ്ങള്‍ക്ക് പരിശീലന സൗകര്യങ്ങളുമില്ല. നിര്‍ദിഷ്ട സ്റ്റേഡിയം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. ഏഴ് കോടി രൂപ ചെലവിലാണ് സ്റ്റേഡിയം സ്ഥാപിക്കുന്നതെന്നും 30നകം പദ്ധതി റിപ്പോർട്ട് സമര്‍പ്പിക്കുമെന്നും സര്‍വകക്ഷി ജനകീയ കമ്മിറ്റി രൂപവത്കരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. വൈസ് പ്രസിഡൻറ് വി. സാവിത്രി, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. പ്രേമരാജന്‍, പവിത്രന്‍ കരിപ്പായി, കെ.കെ. വിമല, കണ്‍വീനര്‍ എന്‍. രവീന്ദ്രന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.