സി.പി.എം ജില്ല സമ്മേളനം എട്ടു​ മുതൽ

കാസർകോട്: സി.പി.എം 22ാം പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി കാസർകോട് ജില്ല സമ്മേളനം ജനുവരി എട്ടു മുതൽ 10വരെ നടത്തുന്നതിന് ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് രാവിലെ 9.30ന് മുതിർന്നനേതാവ് എ.കെ. നാരായണൻ പതാക ഉയർത്തും. ജില്ലയിലെ 23,301 പാർട്ടിയംഗങ്ങളെ പ്രതിനിധാനംചെയ്ത് ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 290 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധിസമ്മേളനം കാസർകോട് ടൗൺഹാളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എട്ട്, ഒമ്പത് തീയതികളിലായി റിപ്പോർട്ട് സംബന്ധിച്ച് ഗ്രൂപ് ചർച്ചയും തുടർന്ന് പൊതുചർച്ചയും നടക്കും. ജനുവരി 10ന് പുതിയ ജില്ല കമ്മിറ്റി, ജില്ല സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പുകൾ നടക്കും. വൈകീട്ട് മൂന്നിന് നായന്മാർമൂലയിൽനിന്ന് 5000 വളൻറിയർമാർ അണിനിരക്കുന്ന റെഡ് വളൻറിയർ പരേഡ് ആരംഭിക്കും. കേന്ദ്രീകൃത പ്രകടനം ഒഴിവാക്കി. വിവിധ ഏരിയകളിൽനിന്ന് എത്തിച്ചേരുന്ന പ്രവർത്തകർ, ബി.സി റോഡ് മുതൽ ചെർക്കളവരെയുള്ള വിവിധ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് ചെറുപ്രകടനങ്ങളായി ചെർക്കള രാമണ്ണറൈ നഗറിലെ പൊതുസമ്മേളനവേദിയിൽ എത്തിച്ചേരും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 1663 ബ്രാഞ്ചും 125 ലോക്കലും 12 ഏരിയ കമ്മിറ്റിയും സി.പി.എമ്മിനുണ്ട്. മതന്യൂനപക്ഷ മേഖലയിൽനിന്ന് നിരവധിപേർ സി.പി.എമ്മിലെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട കൊഴിഞ്ഞുപോക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് നേതാക്കൾ പറഞ്ഞു. സമ്മേളനത്തി​െൻറ മുന്നോടിയായി പതാക, കൊടിമരജാഥകൾ ജനുവരി ആറിന് തുടങ്ങും. പതാകജാഥ ആറിന് രാവിലെ 9.30ന് മുനയംകുന്ന് രക്തസാക്ഷി സ്മാരകത്തിൽ ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാകജാഥ കയ്യൂർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കൊടിമരജാഥ ഉച്ച ഒന്നിന് ചീമേനിയിൽ സംസ്ഥാന കമ്മിറ്റി അംഗം എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരജാഥ ഏഴിന് രാവിലെ 10ന് പൈവളിഗെയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ദീപശിഖാജാഥ ഭാസ്കര കുമ്പള സ്മൃതിമണ്ഡപത്തിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം പി. രാഘവൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ, പി. രാഘവൻ, സി.എച്ച്. കുഞ്ഞമ്പു, ടി.വി. ഗോവിന്ദൻ, പി.എ.എം. ഹനീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.