മറിയക്കുട്ടി വധക്കേസ് സി.ബി.ഐക്ക്

ചെറുപുഴ: പ്രമാദമായ കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അഞ്ചുവര്‍ഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലും പ്രതികളെ കണ്ടെത്താനാകാതെ വന്നതോടെയാണ് കേസ് സി.ബി.െഎക്ക് വിട്ട് ഹൈകോടതി ഉത്തരവായത്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മറിയക്കുട്ടിയുടെ മക്കളായ ജോഷി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ ജോ, തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിഭാഷകനായ ഇയാന്‍ സി. ചാമക്കാല മുഖേന നല്‍കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈകോടതി ഉത്തരവ്. 2012 മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെയാണ് വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന മറിയക്കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ 2015 ജൂണ്‍ മൂന്നിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ നിര്‍ണായകമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാതിരുന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പയ്യന്നൂരിലെ ഒരു ജ്വല്ലറിക്ക് മുന്നിലൂടെ നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ആദ്യം കേസന്വേഷിച്ച പയ്യന്നൂര്‍ സി.ഐ കണ്ടെത്തിയിരുന്നു. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനിടെ ദൃശ്യങ്ങള്‍ പയ്യന്നൂര്‍ സി.ഐയുടെ ലാപ്ടോപ്പില്‍നിന്ന് നഷ്ടപ്പെട്ടു. ലോക്കല്‍ പൊലീസില്‍നിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ലാപ്ടോപ്പി​െൻറ ഹാര്‍ഡ് ഡിസ്‌ക് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചിരുന്നു. എന്നാൽ, ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായില്ലത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.